സര്‍ക്കാര്‍ ജോലി കിട്ടാനായി മകന്‍ അച്ഛനെ കൊലപ്പെടുത്തി

തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തില്‍ മേയ് 26 ന് ആയിരുന്നു കൊലപാതകം അരങ്ങേറിയത്. സര്‍ക്കാര്‍ ജോലി കിട്ടാനായി സര്‍വീസിലുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെയും സഹോദരന്റെയും അറിവോടെയായിരുന്നു ഇയാള്‍ കൊലപാതകം നടത്തിയത്. ഉറങ്ങികിടക്കുമ്പോഴായിരുന്നു 55 കാരനായ അച്ഛനെ 25 കാരനായ മകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു കുടുംബാംഗങ്ങള്‍ ബന്ധുക്കളെ അറിയിച്ചത്.

എന്നാല്‍, മരണത്തില്‍ അസ്വഭാവികത തോന്നിയ ബന്ധുക്കളില്‍ ചിലര്‍ പൊലീസിനെ തങ്ങളുടെ സംശയം അറിയിച്ചു. തുടര്‍ന്ന് പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇതോടെയാണ് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് തെളിഞ്ഞത്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെ ക്രൂരമായ കൊലപാതക വിവരം പുറത്ത് വരികയായിരുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ് ഓപ്പറേറ്ററായി ജോലി നോക്കുകയായിരുന്നു പിതാവ്. പിതാവ് മരിച്ചാല്‍ ആശ്രിതനിയമനം വഴി ആ ജോലി തനിക്ക് കിട്ടുമെന്നുള്ളതുകൊണ്ടാണ് മൂത്തമകനായ താന്‍ കൊലപാതകം നടത്തിയതെന്ന് മകന്‍ പൊലീസിനോട് സമ്മതിച്ചു. ഉറങ്ങികിടക്കുമ്പോള്‍ തോര്‍ത്ത് കഴുത്തില്‍ മുറുക്കിയായിരുന്നു കൊലപാതകം. ഡിപ്ലോമക്കാരനായ മകന് ജോലി കിട്ടാന്‍ അച്ഛനെ കൊല്ലാന്‍ ഇയാളുടെ അമ്മയും സമ്മതം മൂളി. ഇളയ സഹോദരനും ഇക്കാര്യം അറിയാമായിരുന്നു. പോലീസ് ഇയാളെയും സഹോദരനെയും അറസ്റ്റ് ചെയ്തു. ഇവരുടെ അമ്മ ഒളിവിലാണ്.