നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ യുവതാരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു
പ്രമുഖ കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കടുത്ത നെഞ്ചുവേദനയും, ശ്വാസതടസ്സവും നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നടി മേഘ്‌ന രാജ് ആണ് ഭാര്യ. തമിഴ് നടന്‍ അര്‍ജ്ജുന്‍ സര്‍ജയുടെ അനന്തരവനുമാണ് ചിരഞ്ജീവി സര്‍ജ. ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ചിരഞ്ജീവിയെ ആശുപത്രിയില്‍ വേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശക്തമായ നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെട്ടു.
ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അതേസമയം, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്രവങ്ങള്‍ പരിശോധനയ്ക്കായി എടുത്ത് അയച്ചിട്ടുണ്ട്. രോഗബാധിതനായത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.
2009ല്‍ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. അവസാനചിത്രം ശിവാര്‍ജുന ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് തീയേറ്ററുകളില്‍ എത്തിയത്.