കോപ്പിയടി വിവാദം ; പാലായില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നുമാണ് മൃതദേഹം കിട്ടിയത്.കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയാണ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തത് .
ഇനിയുള്ള പരീക്ഷകള്‍ എഴുതിക്കില്ലെന്നും കോളജ് അധികൃതര്‍ കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കി. ഇന്നലെ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിന് സമീപത്ത് നിന്ന് ബാഗ് കണ്ടെത്തി. പാലത്തില്‍ നിന്ന് ചാടിയിരിക്കാം എന്ന സംശയത്തില്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടരുകയാണ്.

ഇതിനിടെ കുട്ടി കോപ്പിയടിക്കില്ലെന്നും, പരീക്ഷാ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചതായും ആരോപിച്ച് അഞ്ജുവിന്റെ കുടുംബം രംഗത്തെത്തി. ഒപ്പം പരീക്ഷ എഴുതിയിരുന്ന വിദ്യാര്‍ത്ഥികളും കുട്ടി കോപ്പി അടിച്ചില്ല എന്ന് വെളിപ്പെടുത്തി.

കോപ്പിയടിക്കാന്‍ സാധ്യതയില്ലെന്നും ഇത്തരമൊരു ആരോപണം ഉണ്ടായപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കാമെന്നും വിദ്യര്‍ത്ഥിനി പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ആന്റണി പ്രൈവറ്റ് കോളേജ് അധികൃതര്‍ പറയുന്നു. ബാഗ് പാലത്തിനു സമീപം വെച്ച് അഞ്ജു വെയിറ്റിംഗ് ഷെഡ് വരെ പോയി തിരിച്ചു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി ഹോളിക്രോസ് കോളജ് അധികൃതര്‍ രംഗത്ത് വന്നു. ഹാള്‍ പേപ്പറിന്റെ മറുവശം മുഴുവന്‍ വിദ്യാര്‍ത്ഥിനി കോപ്പി എഴുതിയിരുന്നു എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അഞ്ജു ഷാജിയുടെ ഹാള്‍ ടിക്കറ്റ് എന്നവകാശപ്പെടുന്ന ചില രേഖകള്‍ കോളജ് അധികൃതര്‍ സമര്‍പ്പിച്ചു. പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങളും അവര്‍ പ്രദര്‍ശിപ്പിച്ചു.

ശനിയഴ്ച ഉച്ച കഴിഞ്ഞ് ഒന്നരക്ക് ബികോമിന്റെ പ്രൈവറ്റ് എക്‌സാം നടക്കുകയുണ്ടായി. വേറെ കോളജില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു. എക്‌സാം സെന്റര്‍ ഹോളി ക്രോസ് ആയിരുന്നു. ഏതാണ്ട് ഒന്നേമുക്കാല്‍ ആയപ്പോള്‍ എക്‌സാം ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകന്‍ എല്ലാവരുടെയും ഹാള്‍ ടിക്കറ്റ് വെരിഫൈ ചെയ്തു. അഞ്ജുവിന്റെ ഹാള്‍ ടിക്കറ്റ് വെരിഫൈ ചെയ്തപ്പോള്‍ അതിന്റെ മറുവശം മുഴുവന്‍ കോപ്പി എഴുതിയിരിക്കുന്നതായി കണ്ടെത്തി.

ഈ സമയത്ത് പ്രിന്‍സിപ്പാള്‍ അവിടെ എത്തി. ഈ പരീക്ഷ എഴുതാനാവില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പരീക്ഷ തുടങ്ങി ഒരു മണിക്കൂര്‍ കഴിയാതെ ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. 2.30 ആകുമ്പോള്‍ തന്നെ വന്ന് കാണണം എന്ന് കുട്ടിയോട് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുട്ടി വൈദികനെ കാണാതെ ഇറങ്ങി പോയി. പിറ്റേന്നാണ് കുട്ടിയെ കാണാനിലെന്ന് കോളജില്‍ അറിയുന്നത്.

കുട്ടിയെ കണ്ടിരുന്നെങ്കില്‍ വിശദീകരണം വാങ്ങി വീട്ടില്‍ വിളിച്ച് അറിയിക്കുമായിരുന്നു. ഈ കോളജിലെ വിദ്യാര്‍ത്ഥി അല്ലായിരുന്നതു കൊണ്ട് തന്നെ മൊബൈല്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വീട്ടില്‍ അറിയിക്കാന്‍ കഴിയാതിരുന്നത്. വിവരം പൊലീസ് അധികാരികളെ ഏല്പിച്ചു. പരീക്ഷ കഴിഞ്ഞപ്പോള്‍ സമയം 4.30 ആയി. പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു. അതുകൊണ്ട് ഉടന്‍ സര്‍വകലാശാലയെ അറിയിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് അവരെയും അറിയിച്ചിട്ടുണ്ട് എന്നും കോളജ് അധികൃതര്‍ പറയുന്നു.