ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തി ശ്രദ്ധേയയായ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു

ഇന്ത്യയിലെ ലോക്ക് ഡൌണ്‍ കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ശ്രദ്ധേയായ ഗീതാ ശ്രീധരന്റെ ഭര്‍ത്താവ് നിധിന്‍ ചന്ദ്രന്‍(29) ഗള്‍ഫില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിഥിന്‍ സാമൂഹികസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ആതിര നാട്ടിലേക്ക് മടങ്ങിയ ശേഷവും ലോക്ഡൗണില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുവാനും രക്ത ലഭ്യത കുറവുള്ള ആശുപത്രികളില്‍ ദാതാക്കളെ എത്തിക്കുവാനുമുള്‍പ്പെടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ഓടി നടക്കുകയായിരുന്നു ഇദ്ദേഹം.

കേരള ബ്ലഡ് ഗ്രൂപ്പിന്റ യു.എ.ഇയിലെ കോര്‍ഡിനേറ്ററും കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തകരിലൊരാളുമായിരുന്നു ഈ പേരാമ്പ്ര സ്വദേശി. ദുബായിലെ നിര്‍മാണ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറായിരുന്നു നിതിന്‍.

ദുബായില്‍ ഐ.ടി കമ്പനിയില്‍ ജോലിചെയ്യുന്ന ആതിര വന്ദേഭാരത് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലേക്ക് പോകാന്‍ ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയും അവസരം ഒരുങ്ങുകയുമായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്റെ മകനാണ് നിധിന്‍. ദുബായ് റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.