കൊറോണ ലക്ഷണം ; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിരീക്ഷണത്തില്‍

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാളിന് കൊറോണ വൈറസ് ലക്ഷണങ്ങളെന്ന് റിപ്പോര്‍ട്ട്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സ്വന്തം വസതിയില്‍ ഐസോലേഷനിലായിരിക്കുകയാണ് . ഞായറാഴ്ച ഉച്ച കഴിഞ്ഞതു മുതല്‍ മുഖ്യമന്ത്രിക്ക് സുഖമില്ലായ്മ അനുഭവപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ച കോവിഡ് 19 ടെസ്റ്റിന് വിധേയനാകാന്‍ അദ്ദേഹം സമ്മതിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അരവിന്ദ് കേജ്രിവാള്‍ കോവിഡ് ടെസ്റ്റ് നടത്തുമെന്നാണ് AAP എംഎല്‍എ ജെര്‍ണയില്‍ സിംഗ് ട്വീറ്റിലൂടെ അറിയിച്ചിരിയ്ക്കുന്നത്. അതേസമയം, കേജ്രിവാള്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ #TakeCareAK എന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നത്.

ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച്ച വൈകുന്നേരമാണ് കേജ്രിവാള്‍ അവസാനമായി പൊതുവേദിയിലെത്തിയത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഡല്‍ഹി സംസ്ഥാനത്തു നിന്നുള്ളവര്‍ക്ക് മാത്രമേ ചികിത്സ ലഭിക്കൂ എന്നും ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളിലെ പതിനായിരം കിടക്കകള്‍ ഡല്‍ഹി നിവാസികള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിവാദത്തിന് വഴിതെളിച്ചിരുന്നു.

എന്നാല്‍, ഡല്‍ഹിയുടെ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ നീക്കിയതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികള്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ നിറയുമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു ഈ വിഷയത്തില്‍ കേജ്രിവാള്‍ നല്‍കിയ വിശദീകരണം.