നിധിന്റെ മരണവിവരം അറിയാതെ ആതിര പ്രസവിച്ചു
മലയാളികളെ ഒന്നടങ്കം വിഷമത്തിലാക്കിയ ഒന്നായിരുന്നു ഇന്നലെ ഗള്‍ഫില്‍ മരിച്ച നിധിന്റെ മരണവാര്‍ത്ത. ഗര്‍ഭിണിയായ ഭാര്യക്ക് നാട്ടിലേയ്ക്ക് വരാന്‍ കോടതിയെ സമീപിച്ച വാര്‍ത്തയിലൂടെ എല്ലാവര്‍ക്കും പരിചിതനായിരുന്നു നിധിന്‍. നാട്ടിലേയ്ക്ക് വരാന്‍ കഴിയുന്ന തന്റെ അവസരം വേറൊരാള്‍ക്ക് വച്ചുമാറി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുന്ന സമയത്താണ് നിധിനെ മരണം കൂട്ടിക്കൊണ്ടു പോയത്.
എന്നാല്‍ ഇതൊന്നും അറിയാതെ നാട്ടില്‍ പ്രസവത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാര്യ ആതിര. ആതിര ഇന്ന് പ്രസവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നിതിന്‍ മരിച്ച കാര്യം ആതിരയെ അറിയിച്ചിട്ടില്ല.
സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിധിന്‍ ഷാര്‍ജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ നാട്ടിലേക്ക് പോയതിന് ശേഷം ബാച്ചിലര്‍ അക്കൊമൊഡേഷനിലേക്ക് മാറിയ അദ്ദേഹം രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
രാവിലെ ഉറക്കമെഴുന്നേല്‍ക്കാതെ വന്നപ്പോള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച സുഹൃത്തുക്കളാണ് ചലനമറ്റ നിലയില്‍ നിധിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ വൈദ്യസഹായം തേടി. ഉറക്കത്തിനിടെ രാത്രി തന്നെ നിധിന്‍ മരിച്ചിരുന്നു. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
തുടര്‍ന്ന് ആദ്യ ഫ്ളൈറ്റില്‍ തന്നെ ഭാര്യയെ നാട്ടിലേക്കയച്ചു. നിധിനും ഒപ്പം വരാന്‍ സാധിക്കുമായിരുന്നിട്ടും അദ്ദേഹമത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. ഷാഫി പറമ്പില്‍ എം.എല്‍.എ ആതിരക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റ് വാങ്ങാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിധിനും പകരം രണ്ടു പേര്‍ക്ക് ടിക്കറ്റ് സമ്മാനിക്കുകയും ചെയ്യുകയായിരുന്നു.