ബെവ് ക്യൂ ആപ്പില്‍ കൈപൊള്ളി സര്‍ക്കാര്‍ ; വന്‍ വരുമാന നഷ്ടം ; ലാഭം ബാറുകള്‍ക്ക് എന്ന് ആരോപണം

കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ട് വന്ന ബെവ് ക്യൂ ആപ്പ് മൂലം സര്‍ക്കാരിനു കോടികളുടെ നഷ്ടം. മദ്യ വില്പനയ്ക്കുള്ള സര്‍ക്കാര്‍ ഏജന്‍സികളായ ബിവറേജസ് കോര്‍പ്പറേഷന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും വരുമാനത്തില്‍ ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള കുറവാണുണ്ടായിരിക്കുന്നത്. അതേസമയം ബാറുകള്‍ക്ക് മികച്ച വരുമാനം ആണ് ഇപ്പോള്‍ ലഭിക്കുന്നത് എന്ന ആരോപണവും ശക്തമാകുന്നു.

ആപ്പ് നിലവില്‍ വന്നതിനുശേഷം ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ വഴി 162.64 കോടിരൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം മേയ് 28നാണ് സംസ്ഥാനത്ത് മദ്യ വില്‍പന ആരംഭിച്ചത്. അന്നു മുതല്‍ ജൂണ്‍ ആറുവരെയുള്ള ആറു വരെയുള്ള കണക്കാണിത്. ബിയര്‍-വൈന്‍ പാര്‍ലറുകളിലൂടേയും ബാറുകളിലൂടേയും വിറ്റ മദ്യത്തിന്റെ കണക്ക് ലഭ്യമല്ല.

ആപ്പിന്റെ സാങ്കേതിക തകരാറാകാം വില്പനയില്‍ ഇടിവുണ്ടാക്കിയതെന്നാണ് ബെവ്‌കോയുടെ അനൗദ്യോഗിക വിശദീകരണം. എന്നാല്‍ ആപ്പ് വഴി നല്‍കുന്ന ടോക്കണുകള്‍ ഏറിയ പങ്കും ബാറുകളിലേക്കാണ് പോകുന്നതെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ആപ്പ് വഴി പത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ബിവറേജസ് കോര്‍പ്പറേഷന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും ഔട്ട്ലെറ്റുകള്‍ വഴി മദ്യം വാങ്ങുവാന്‍ കഴിയുന്നത്. ബാക്കിയുള്ള ഏറിയപങ്കും ബാറുകളിലാണ് ലഭിക്കുന്നത്. അതേസമയം ടോക്കണ്‍ ഇല്ലാതെ പല ബാറുകളും മദ്യവില്പന നടത്തുന്ന സ്ഥിതിയാണ് ഇപ്പോള്‍.

ബെവ്‌കോയുടെ 267 ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണിനു മുന്നേ ഒരു ദിവസത്തെ ശരാശരി മദ്യ വില്പന 22 മുതല്‍ 32 കോടി രൂപവരെയായിരുന്നു. ചില ദിവസങ്ങളില്‍ ഇത് ഉയരും. എന്നാല്‍ ലോക്ക് ഡൗണിനു ശേഷം ബെവ്ക്യൂ ആപ്പ് വഴി മദ്യ വില്പന ആരംഭിച്ചപ്പോള്‍ പ്രതിദിന ശരാശരി 20.33 കോടിയായി കുറഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകളില്‍ നിന്നാണ് ബാറുകള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും മദ്യം നല്‍കുന്നത്. എട്ടുദിവസം ഇവിടെ നടന്നത് 310.44 കോടി രൂപയുടെ മദ്യ വില്പനയാണ്. ശരാശരി പ്രതിദിന വില്പന 38.85 കോടി രൂപ. ഇതും സാധാരണ വില്പനയെക്കാള്‍ കുറവെന്ന് ബെവ്‌കോ പറയുന്നു.

ബെവ് ക്യൂ ആപ്പിലൂടെയുള്ള മദ്യ വില്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിനും വന്‍ നഷ്ടമാണുണ്ടായത്. ശരാശരി ആറു കോടിയായിരുന്നു കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള ഒരു ദിവസത്തെ മദ്യ വില്പന. എന്നാല്‍ ലോക്ക് ഡൗണിനു ശേഷം തുറന്നപ്പോള്‍ ഇത് രണ്ടരക്കോടിയായി കുറഞ്ഞു.

എട്ടു ദിവസത്തെ വില്പനയിലൂടെ കണ്‍സ്യൂമര്‍ഫെഡിന് ലഭിച്ചത് 21 കോടി 42 ലക്ഷം രൂപയാണ്. നേരത്തേയുള്ള വില്പനയുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞത് 48 കോടി ലഭിക്കേണ്ട സ്ഥാനത്താണിത്. ബിയര്‍ വില്പന ഒരു ലക്ഷത്തില്‍ നിന്ന് 30,000 ആയും കുറഞ്ഞു. ആപ്പുമായി മുന്നോട്ടു പോയാല്‍ കണ്‍സ്യൂമര്‍ഫെഡ് പ്രതിസന്ധിയിലാകുമെന്നാണ് മാനെജ്‌മെന്റിന്റെ അഭിപ്രായം.

ബാറുകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ആപ്പ് കൊണ്ടുവന്നതെന്ന ആരോപണം പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു. ഇതില്‍ വിജിലന്‍സ് അന്വേഷണവും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ബെവ്‌കോയിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ബെവ് കോ മാനെജ്‌മെന്റിനും സമാന നിലപാടാണ്. ബാറുകളില്‍ ഇരുന്നുള്ള മദ്യപാനത്തിന് കേന്ദ്ര അനുമതി ലഭിച്ചാല്‍ ആപ്പ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനയുണ്ട്. ആപ്പ് നിലവില്‍വന്ന ആദ്യദിവസങ്ങളില്‍ വന്‍ പ്രതിസന്ധി ആണ് നേരിട്ടിരുന്നത്.