മെഡിക്കല്‍കോളേജ് കൊറോണ വാര്‍ഡില്‍ നിന്നും മുങ്ങിയ രോഗിയെ പിടികൂടി

കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനു വീഴ്ച്ച തുടര്‍കഥയാകുന്നു. അതീവ സുരക്ഷ ആവശ്യമുള്ള ഇവിടെ അലംഭാവം തുടര്‍കഥയാകുന്നു എന്ന് വേണം കരുതാന്‍. ആനാട് സ്വദേശിയായ വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചാടിപ്പോയത്. ഇയാളെ പിന്നീട് നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കയറി ആനാട് എത്തുകയായിരുന്നു. ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും പഞ്ചായത്തു പ്രസിഡന്റും നാട്ടുകാരും ചേര്‍ന്ന് ആനാട് ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി രോഗി പറഞ്ഞു. പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആനാട് എത്തി. ആനാട് എത്തിയ ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ ബസില്‍ യാത്ര ചെയ്താണ് നാട്ടിലെത്തിയത്.മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ഇദ്ദേഹം ബസില്‍ സഞ്ചരിച്ചുകാണും എന്നാണ് കണക്കാക്കുന്നത്. ആനാട് ബസിറങ്ങിയ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ കടന്നുകളഞ്ഞത് എന്നാണ് അധികൃതരെ കുഴക്കുന്നത്. കോളജില്‍ നിന്ന് ബസിലാണ് ഇദ്ദേഹം നാട്ടിലെത്തിയത് എന്നതിനാല്‍ തന്നെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറഞ്ഞു. രണ്ട് ബസ് കയറിയാണ് രോഗി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യപാനത്തിന് അടിമയായതിനാല്‍ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂര്‍ത്തിയാകും മുമ്പ് കടക്കാന്‍ ശ്രമം നടത്തിയതെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നു ലഭിച്ച പ്രാഥമിക വിവരം. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയയന്തര നടപടി ആരംഭിച്ചു. കോവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.