പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണ്ണമായും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഉത്തരവിട്ടു. ദുരന്തനിവാരണ നിയമപ്രകാരം തടയണ പൊളിച്ചുനീക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാര്യാ പിതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ജില്ലാ കലക്ടറോട് സ്ഥലം സന്ദര്‍ശിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു .

മലപ്പുറം ചീങ്കണിപ്പാറയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന തടയണ മണ്ണിടിച്ചിലിനു കാരണമാകുമെന്നും താഴെയുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവനു ഭീഷണിയാണെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടത്. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുല്‍ ലത്തീഫ് ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ചുകൊണ്ടിരിക്കെ തന്നെ തടയണ പൊളിച്ച് വെള്ളം ഒഴുക്കി കളയാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് തടയണ നിന്ന് വെള്ളമൊഴുകി പോകാന്‍ സാധിക്കുന്ന വിധം പൊളിച്ചതായി ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശ പ്രകാരം മുകള്‍വശത്ത് 25 മീറ്റര്‍ വീതിയിലും താഴെ ആറ് മീറ്റര്‍ വീതിയിലുമുള്ള ദ്വാരമുണ്ടാക്കിയതായും കലക്ടര്‍ അറിയിച്ചിരുന്നു. ഇന്ന് ഹരജി പരിഗണിക്കവെയാണ് തടയണ പൂര്‍ണമായും പൊളിച്ച് നീക്കാന് കോടതി നിര്‍ദ്ദേശിച്ചത്.മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല. അതുണ്ടാക്കുന്ന അപകടം ചെറുതാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രദേശത്ത് വെള്ളം കെട്ടി നില്ക്കുന്നുണ്ടോയെന്ന് ജില്ലാ കലക്ടര്‍ നേരിട്ടെത്തി പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയാണ് അന്‍ വറിന്റെ ഭാര്യാ പിതാവിന്റെ ഹരജി കോടതി തള്ളിയത്.