ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആശ്വാസം ; ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചു

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്നും ആശ്വാസ വാര്‍ത്ത. ഇന്തോ ചൈന അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചു. കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയോടു (എല്‍എസി) ചേര്‍ന്നുള്ള ഗല്‍വാന്‍ താഴ്വര, ഹോട്ട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ ചൈനീസ് സൈനികര്‍ പിന്നോട്ടു നീങ്ങി. ഇവിടേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സേനാംഗങ്ങള്‍ രണ്ടര കിലോമീറ്റര്‍ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു.

സമാനമായി ഇന്ത്യയും ഏതാനും മേഖലകളില്‍ നിന്ന് സേനയെ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ചയിലുണ്ടാക്കിയ ധാരണയനുസരിച്ചാണിത്. ചൈനീസ്(China) സൈനികരുടെ എണ്ണം ഗണ്യമായി പിന്‍വലിച്ചെങ്കിലും കൃത്യമായ കണക്കുകള്‍ വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറയുന്നു. 20 ലോറി സൈനികരെങ്കിലും പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഇരു ഭാഗത്തെയും ഉന്നത സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തും.