പി സി ജോര്‍ജ് ഇടപെട്ടു , വിദ്യാര്‍ഥിനിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
കോട്ടയത്ത് കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം പി സി ജോര്‍ജ് എം എല്‍ എ ഇടപെട്ടു നടത്തിയ അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. സ്ഥലത്തെത്തിയ പി സി ജോര്‍ജ് എംഎല്‍എയും പൊലീസും നടത്തിയ അനുനയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം അവസാനിപ്പിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. നേരത്തെ മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചില്ല. ബന്ധുക്കളെ അനുനയിപ്പിക്കാന്‍ പി.സി ജോര്‍ജ് എംഎല്‍എ സ്ഥലത്തെത്തി. കുടുംബത്തിന്റെ പരാതികള്‍ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് പി.സി ജോര്‍ജ് ഉറപ്പ് നല്‍കി. ഇതോടെയാണ് അഞ്ജുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.
കോളജ് പുറത്തുവിട്ട തെളിവുകള്‍ അഞ്ജുവിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. ഹാള്‍ ടിക്കറ്റില്‍ എഴുതിയത് കുട്ടിയല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ഷാജി ആരോപിച്ചു. അഞ്ജു കോപ്പിയടിച്ചെന്ന് തെളിയിക്കാന്‍ ഹാള്‍ ടിക്കറ്റിന് പിന്നിലെ എഴുത്തും മാനസിക പീഡനം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങളുമാണ് കോളജ് അധികൃതര്‍ പുറത്ത് വിട്ടത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം പറയുന്നു.
സിസിടിവി ദൃശ്യങ്ങളിലും കൃത്രിമം കാണിച്ചു. പലഭാഗങ്ങളും കട്ട് ചെയ്താണ് കാണിച്ചത്. ഹാള്‍ടിക്കെട്ടില്‍ കണ്ട കയ്യക്ഷരം മകളുടേതല്ല എന്നും അത് പിന്നീട് എഴുതിപിടിപ്പിച്ചതാണെന്നും പിതാവ് ആരോപിച്ചു. ‘സംഭവത്തിന് ശേഷം ഞങ്ങള്‍ സമീപിച്ച അദ്ധ്യാപകനാണ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. അന്ന് തനിക്ക് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്, പോലീസിന്റെ അന്വേഷണം കോളേജിന് വേണ്ടിയുള്ളതാണ്. അതില്‍ ഞങ്ങളുടെ മകള്‍ക്ക് നീതി കിട്ടില്ല’ പിതാവ് പറഞ്ഞു.
ഇന്നലെയാണ് കോളജ് അധികൃതര്‍ അഞ്ചു കോപ്പിയടിച്ചതിന്റെ തെളിവുകള്‍ പുറത്തുവിട്ടത്. അഞ്ചു നന്നായി പഠിക്കുന്ന കുട്ടിയാണെന്നും ഒരിക്കലും കോപ്പിയടിക്കില്ലെന്നുമാണ് പിതാവും അദ്ധ്യാപകരും പറഞ്ഞത്.