ജീവനുള്ള ആനയ്ക്കും ജീവനില്ലാത്ത ആനയ്ക്കും രക്ഷയില്ലാത്ത കേരളം ; മാസങ്ങളുടെ അധ്വാനവുംപരിശ്രമവും നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞു

യുവ കലാകാരന്റെ മാസങ്ങള്‍ നീണ്ട അധ്വാനവുംപരിശ്രമവും നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞു തിരുവനന്തപുരം കോര്‍പറേഷന്‍. തിരുവനന്തപുരം മുട്ടട നിവാസിയായ സുജീവ് എം സുരേഷ് എന്ന ശില്പിയുടെ ഏഴു മാസത്തോളം നീണ്ടു നിന്ന കഷ്ട്ടപാടുകളെയാണ് ഒരു നിമിഷം കൊണ്ട് ജെ സി ബി ഉപയോഗിച്ച് തിരുവനന്തപുരം കോര്‍പറേഷന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ തകര്‍ത്തു കളഞ്ഞത്. സ്വന്തം കയ്യില്‍നിന്നും ഒന്നരലക്ഷത്തോളം രൂപ ചിലവാക്കി സുജീവ് നിര്‍മ്മിച്ച ആനയുടെ ശില്‍പ്പമാണ് യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ അധികൃതര്‍ നശിപ്പിച്ചത്.

സ്വന്തം കയ്യില്‍നിന്നും കാശ് മുടക്കി തയ്യാറാക്കിയ ഈ ശില്പം ആഘോഷ വേളകളില്‍ വാടകയ്ക്ക് കൊടുത്താണ് മുടക്കിയ കാശ് സജീവ് തിരികെ പിടിക്കാന്‍ ആഗ്രഹിച്ചിരുന്നത്. അങ്ങനെയാണ് ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് കുറവന്‍കോണത്തിനു സമീപം ഈ ശില്‍പം വെച്ചിരുന്നത്. എന്നാല്‍ ശില്‍പം എടുത്ത് മാറ്റുന്നതിന് മുന്‍പ് ലോക്ക് ഡൌണ്‍ നിലവില്‍ വന്നത് കാരണം ഇത് അവിടെ നിന്നും മാറ്റുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. ആര്‍ക്കും ഒരു ശല്യവും ഇല്ലാത്ത സ്ഥലത്താണ് ശില്‍പം വെച്ചിരുന്നത് എന്നാണ് സുജീവ് പറയുന്നത്.

കോര്‍പ്പറേഷന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു എങ്കില്‍ അവിടെ നിന്നും ശില്‍പം മാറ്റികൊടുക്കാമായിരുന്നു എന്നും ആ യുവാവ് പറയുന്നു. ലോക്ക് ഡൌണ്‍ കാരണം തൊഴില്‍ ഇല്ലാതെ ഇരിക്കുന്ന അവസരത്തില്‍ തന്നെ ഇങ്ങനെ ഉണ്ടായത് കാരണം എന്ത് ചെയ്യണം എന്ന് അറിയാത്ത നിലയിലാണ് സുജീവ് ഇപ്പോള്‍.