അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ലെന്ന് സിപിഐയും പ്രതിപക്ഷവും
എതിര്‍പ്പുകളെ തുടര്‍ന്ന് ഉപേക്ഷിച്ച അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും രംഗത്ത്. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. പദ്ധതിക്കായി നേടിയെടുക്കേണ്ട വിവിധ കേന്ദ്രാനുമതികള്‍ക്ക് അപേക്ഷ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. കെഎസ്ഇബി ചെയര്‍മാന്റ അപേക്ഷ പരിഗണിച്ച് ജൂണ്‍ നാലിനാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
നിലവില്‍ ഏഴു വര്‍ഷ കാലാവധിയുള്ള എന്‍ഒസിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചെന്ന് 2018 ല്‍ വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചിരിക്കുന്നത്.
എന്നാല്‍ വന്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാകുന്ന പദ്ധതി ഇടതുമുന്നണി നയത്തിന്റെ ഭാഗമല്ലന്നാണ് ഭരണകക്ഷിയായ സിപിഐയുടെ നിലപാട്. പദ്ധതിക്കെതിരെ മുമ്പും രംഗത്ത് വന്നിട്ടുള്ള സിപിഐ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ കടുത്ത സമര പരിപാടികളുണ്ടാകുമെന്നാണ് എഐവൈഎഫ് മുന്നറിയിപ്പ്.
അതേസമയം കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ജനവിരുദ്ധ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നെന്നതാണ് പ്രതിപക്ഷ ആരോപണം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷവും. പരിസ്ഥിതി സംഘടനകളും പ്രതിഷേധുയര്‍ത്തി കഴിഞ്ഞു.
വിവാദ പദ്ധതിതുടക്കം മുതല്‍ വിവാദത്തിലായ പദ്ധതിയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റര്‍ മുകളിലായി അണക്കെട്ട് നിര്‍മ്മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1979 ല്‍ ആലോചന തുടങ്ങിയ പദ്ധതിക്കായി പാരിസ്ഥിതിക അനുമതി അടക്കമുള്ളവ പിന്നീട് ലഭ്യമായി.
കെഎസ്ഇബി പദ്ധതിക്ക് വേണ്ടി ശക്തമായി വാദമുയര്‍ത്തിയെങ്കിലും പരിസ്ഥിതി സംഘടനകളും ചില രാഷ്ട്രീയ കക്ഷികളും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പദ്ധതിക്ക് ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017 ല്‍ പൂര്‍ത്തിയായി. 2018 ലുണ്ടായ ആദ്യ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചതായി വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെല്ലാം വിപരീതമായിട്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.