യു പിയില്‍ പശുവിനെ കൊന്നാല്‍ 10 വര്‍ഷം വരെ തടവും പിഴയും

പശുക്കളെ സംരക്ഷിക്കാന്‍ പുതിയ ഓര്‍ഡിനന്‍സ് പാസാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്.

നിലവിലുള്ള നിയമം (Uttar Pradesh Prevention of Cow Slaughter Act, 1955) കൂടുതല്‍ ശക്തവും ഫലപ്രദവുമാക്കുകയും പശു കശാപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പൂര്‍ണ്ണമായും തടയുകയും ചെയ്യുക എന്നതാണ് പുതിയ ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. കൂടാതെ, ഉടമകളുടെ സമ്മതമില്ലാതെയോ അനധികൃതമായോ പശുക്കളെ വാഹനത്തിലോ അല്ലാതെയോ കൊണ്ടുപോകുന്നവര്‍ക്കെതിരെയും കേസുണ്ടാകും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ അവരുടെ ചിത്രങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കും. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം അനധികൃതമായി വാഹനങ്ങളില്‍ ബീഫ് കടത്തിയാല്‍ ഡ്രൈവര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ നടപടിയുണ്ടാകു0.

പശുവിന് പരിക്കേറ്റാലും ജീവന്‍ അപകടത്തിലാകുന്ന വിധം വാഹനങ്ങളില്‍ കൊണ്ടുപോയാലും ശിക്ഷിക്കപ്പെടും. പശുവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് രണ്ടാമത് പിടിക്കപ്പെട്ടാല്‍ ഇരട്ടി ശിക്ഷ ലഭിക്കും.
1956 ജനുവരി 6നാണ് ഉത്തര്‍പ്രദേശ് ആദ്യമായി പശു കശാപ്പ് തടയല്‍ നിയമം (Prevention of Cow Slaughter Act) നടപ്പാക്കിയത്. 1958, 1961, 1979, 2002 വര്‍ഷങ്ങളില്‍ ആക്റ്റ് ഭേദഗതി ചെയ്തു. 1964, 1979 വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്തിരുന്നു.