പത്തനാപുരത്ത് കാട്ടാന ചരിഞ്ഞത് പന്നിപ്പടക്കം പൊട്ടി ; നായാട്ടുസംഘം പിടിയില്‍
ഒന്നര മാസം മുന്‍പ് പത്തനാപുരം കറവൂരില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മൂന്നംഗ നായാട്ടുസംഘം പിടിയില്‍. അര്‍ബുദ ബാധയെന്ന് ആദ്യം കരുതിയെങ്കിലും സ്‌ഫോടകവസ്തുവിന്റെ അംശം വിശദ പരിശോധനയില്‍ കണ്ടെത്തിയപ്പോള്‍ ആണ് പന്നിപ്പടക്കമാണ് മരണകാരണം എന്ന് മനസിലായത്.
കാട്ടുപന്നിയെയും മ്ലാവിനെയും വേട്ടയാടാന്‍ വച്ച പടക്കം ആന ഭക്ഷിക്കുകയായിരുന്നു. നായാട്ടു സംഘത്തിലെമൂന്നു പേര്‍ അറസ്റ്റിലായി. കറവൂര്‍ സ്വദേശികളായ അനിമോന്‍, രഞ്ജിത്ത്, ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. കാടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ ആന ഏപ്രില്‍ പതിനൊന്നിനാണ് ചരിഞ്ഞത്. പ്രതികളെ പുനലൂര്‍ ഫോറസ്റ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികളില്‍ നിന്ന് നാടന്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു. രണ്ടുപേര്‍ ഒളിവിലാണ്. ഇതില്‍ പിടിയിലായ ശരത്തിന്റെ വീട്ടില്‍ നിന്ന് പെരുമ്പാമ്പിന്റെ നെയ്യും കണ്ടെടുത്തു.