പന്തീരാങ്കാവ് യുഎപിഎ കേസ് കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന് അലന്‍ ശുഹൈബ്
പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൂട്ടുപ്രതികളായ താഹ ഫസലിനും ഉസ്മാനുമെതിരെ മൊഴി നല്‍കിയാല്‍ തന്നെ മാപ്പ് സാക്ഷിയാക്കാമെന്ന് എന്‍ഐഎ ഉറപ്പ് നല്‍കി എന്ന് അലന്‍ ശുഹൈബ്. എന്‍ഐഎ കോടതിയിലാണ് അലന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കാനാണ് എന്‍ഐഎ നിര്‍ബന്ധിക്കുന്നതെന്നും അലന്‍ വെളിപ്പെടുത്തി.
കേസില്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചപ്പോഴാണ് അലന്‍ ശുഹൈബ് വെളിപ്പെടുത്തല്‍ നടത്തിയത്. നിലവില്‍ കാക്കനാട് ജയിലിലാണ് പ്രതികള്‍ കഴിയുന്നത്. വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ അപേക്ഷ നല്‍കിയത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അലന്‍ എന്‍ഐഎക്കെതിരെ വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. തനിക്കെപ്പമുള്ള കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഐഎ നിര്‍ബന്ധിക്കുകയാണ്. തന്നെ മാപ്പു സാക്ഷിയാക്കാമെന്ന് എന്‍ഐഎ പറഞ്ഞുവെന്നും അലന്‍ പറഞ്ഞു. എന്നാല്‍ അലന്റെ വാദങ്ങള്‍ എന്‍ഐഎ തള്ളി. മാപ്പ് സാക്ഷിയാക്കാന്‍ പ്രതിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല. കൂട്ടുപ്രതികള്‍ക്കെതിരെ സ്വമേധയാ മൊഴി നല്‍കാമെന്ന് പറഞ്ഞതായും എന്‍ഐഎ കോടതിയെ ബോധിപ്പിച്ചു.