അതിരപ്പിള്ളി പദ്ധതിക്ക് ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി ; കാര്യങ്ങള്‍ ആരും അറിയേണ്ട കാര്യമില്ല എന്ന് പിണറായി

പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്ന അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട എന്‍ഒസി ഫയലില്‍ ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ പതിനെട്ടിനാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എന്‍ഒസി അനുവദിച്ച് ഒപ്പിട്ടത്. ഇടത് മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രിയുടെ നടപടി.

ഫെബ്രുവരി മാസം കെഎസ്ഇബിയില്‍ നിന്ന് വരുന്ന ഫയല്‍ ഏപ്രിലിലാണ് ഊര്‍ജ വകുപ്പ് സെക്രട്ടറി ഡി അശോകന്‍ മന്ത്രി എംഎം മണിയുടെ പരിഗണനയ്ക്കായി നല്‍കുന്നത്. ഫയല്‍ പരിഗണിച്ച മന്ത്രി അതിരപ്പിള്ളി പദ്ധതി ദീര്‍ഘിപ്പിക്കുന്നതിന് എന്‍ഒസി നല്‍കാവുന്നതാണെന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് അയച്ചു. ഫയല്‍ പരിശോധിച്ച മുഖ്യമന്ത്രി ഏപ്രില്‍ മാസം പതിനെട്ടിന് ഒപ്പിടുകയായിരുന്നു.

ഇതിനിടയില്‍ ഒരിക്കല്‍ പോലും ഇടത് മുന്നണി യോഗം ചേര്‍ന്നിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഇടത് മുന്നണി യോഗം ചേര്‍ന്നില്ലെങ്കില്‍ പോലും ഇത്തരത്തില്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളുമ്പോള്‍ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്യണമെന്നാണ്. എന്നാല്‍ ഇവിടെ അതും നടന്നിട്ടില്ല. വിഷയത്തില്‍ അമര്‍ഷമറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

അതിരപ്പിള്ളി എല്‍ഡിഎഫിന്‍െ അജന്‍ഡയിലില്ലെന്ന് തുറന്നടിച്ച കാനം രാജേന്ദ്രന്‍ ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണിയെ പരിഹസിച്ചു. സിപിഐ അതിരപ്പിള്ളി പദ്ധതിയെ അംഗീകരിക്കില്ല. എല്‍ ഡി എഫിന്റെ അജന്‍ഡയില്‍ പദ്ധതിയില്ലെന്നും പ്രകടപത്രികയില്‍ പറയുന്നില്ലെന്നും കാനം പറഞ്ഞു.

എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ആരും അറിയേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് അറിഞ്ഞാല്‍ മതി. വകുപ്പ് മന്ത്രി അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ മറ്റ് പ്രശ്നങ്ങളില്ല. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ മാത്രമാണ് നടന്നത്. പദ്ധതി തുടങ്ങണമെങ്കില്‍ എല്ലാവരുമായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതിരപ്പിള്ളി പദ്ധതി നേരത്തേ തന്നെ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നതാണ്. വലിയ വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഉടന്‍ നടപ്പാക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തി. ആ നിലപാടില്‍ തന്നെയാണ് സര്‍ക്കാരുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.