ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കര്‍ണാടക നിര്‍ത്തലാക്കി

അഞ്ചാം ക്ലാസിനു പിന്നാലെ കര്‍ണാടകയില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. പ്രീ എല്‍കെജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം വേണ്ടെന്നുവെച്ചത്. കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസു വരെയുള്ള കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഴാം ക്ലാസ് വരെ നീട്ടിയുള്ള തീരുമാനം.

അതുപോലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ പേരില്‍ വിവിധ സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കുന്നതും നിര്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. മുന്‍പ് റെക്കോര്‍ഡ് ചെയ്ത ക്ലാസുകള്‍ കുട്ടികള്‍ക്ക് കാണാം. ഓണ്‍ലൈന്‍ പഠനത്തിന് സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ സൗകര്യം ഇല്ലാതായതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. ഡി ഡി ചന്ദന വഴി ക്ലാസുകള്‍ നല്‍കുന്നതിനെ കുറിച്ചു ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചതെന്നാണ് കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളെ വരെ ഉള്‍പ്പെടുത്തി വിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു.

ക്ലാസ് റൂം വിദ്യാഭ്യാസത്തിന് സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് ചര്‍ച്ചയില്‍ വന്ന അഭിപ്രായം. സാധാരണഗതിയിലേക്ക് മടങ്ങിവരുന്നത് വരെ വീട്ടിലിരിക്കുന്ന കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യാന്‍ കഴിയുക എന്നതില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഒരു കമ്മറ്റിയെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.