രാജ്യത്ത് രാത്രി യാത്രയ്ക്കുള്ള നിരോധനം പിന്‍വലിച്ചു

ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനുശേഷം രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. രാതി 9 മുതല്‍ രാവിലെ 5 വരെ ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധനമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച പിന്‍വലിച്ചത്. പുതിയ ഉത്തരവനുസരിച്ച് ദേശീയ പാതകളില്‍ ബസ്, ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ രാത്രി യാത്ര അനുവദിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിന് ശേഷമാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കുകയെന്നതാണ് രാത്രികാല യാത്രാ നിരോധനത്തിലൂടെ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റെയില്‍വെ സ്റ്റേഷനുകളില്‍ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്നും നിര്‍ദ്ദേശമുണ്ടി. അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ദേശീയ ശരാശരി 2.8 ശതമാനമെങ്കില്‍ അഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി നിരക്ക്.