മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് യുഎഇയിലെ വിസാ കാലാവധി തടസമാകില്ല എന്ന് അറിയിപ്പ്

യു.എ.ഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വിസാ കാലാവധി തടസമാകില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍. മൂന്ന് മാസത്തെയെങ്കിലും വിസാ കാലാവധി ഇല്ലാത്തവര്‍ക്ക് വിദേശത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കില്ലെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിസാ കാലാവധി തടസമാകില്ലെന്നാണ് ഇപ്പോള്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ എല്ലാ താമസ, സന്ദര്‍ശക വിസകളും ഈ വര്‍ഷം അവസാനം വരെ പുതുക്കി നല്‍കിയിട്ടുണ്ട്. ഇക്കാര്യം യുഎഇ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനു പിന്നാലെയാണ് യുഎഇയിലേക്ക് മടങ്ങുന്നതിന് വിസാ കാലാവധി ബാധകമല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് എമിഗ്രേഷന്‍ വിഭാഗത്തിനും എല്ലാ വിമാന കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

രണ്ട് ലക്ഷത്തോളം വിദേശികള്‍ക്ക് മടങ്ങിയെത്താനുള്ള സംവിധാനം തയാറായെന്ന് കഴിഞ്ഞ ദിവസമാണ് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. യുഎഇയിലേക്ക് മടങ്ങാന്‍ smartserrvices.ica.gov.ae എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.കുടുംബവുമായി എത്തുന്നവര്‍ക്കും അടിയന്തര സാഹചര്യം ബോധ്യപെടുത്തുന്നവര്‍ക്കുമാണ് മുന്‍ഗണന. മങ്ങിയെത്തുന്നവര്‍ സ്വന്തം ചെലവില്‍ കോവിഡ് ടെസ്റ്റിനും വിധേയരാകണം. 14 ദിവസത്തെ ക്വറന്റീനും നിര്‍ബന്ധമാണ്. ഹോം ക്വാറന്റീനും അനുവദിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയാനായി അല്‍ഹോസന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.