കമ്പ്യൂട്ടറിനെ എതിര്‍ത്ത പാര്‍ട്ടി കോവിഡ് കാലത്ത് സംസ്ഥാന സമിതി യോഗം ചേര്‍ന്നത് ഓണ്‍ലൈനായി
കമ്പ്യൂട്ടര്‍ ജയിച്ചു പാര്‍ട്ടി തോറ്റു. കമ്പ്യൂട്ടര്‍ നിലവില്‍വന്ന സമയം പല്ലും നഖവും ഉപയോഗിച്ച് അതിനെതിരെ സമരം ചെയ്ത പാര്‍ട്ടിയാണ് സി പി എം. എന്നാല്‍ കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാന്‍ സാങ്കേതിക വിദ്യയുടെ സാധ്യത തേടിയ സി.പി.എം നടത്തിയത് കുറ്റസമ്മതം. കമ്പ്യൂട്ടറിന്റെ വരവിനെപ്പോലും ആശങ്കയോടെ കണ്ട പഴയകാല നയത്തില്‍ നിന്നുളള വ്യതിയാനം നേതൃതലത്തിലാണ്പാര്‍ട്ടി ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഇന്ന് സംസ്ഥാന സമിതി യോഗം ചേര്‍ന്നത് ഓണ്‍ലൈനായാണ്. പോളിറ്റ് ബ്യൂറോ ഓണ്‍ലൈനായി ചേര്‍ന്നതിനെ സംസ്ഥാന ഘടകവും പിന്തുടരുകയായിരുന്നു.
ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പി ബി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗവ്യാപന സാധ്യതയും പ്രതിരോധ രീതിയും മുഖ്യമന്ത്രി വിശദീകരിച്ചു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി മതിപ്പറിയിച്ചു. പ്രാദേശികതലത്തില്‍ ക്വറന്റീന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
ആദ്യ ദിവസത്തെ പോരായ്മകള്‍ പരിഹരിച്ച് കോവിഡ് കാലം കഴിയുംവരെ ഓണ്‍ലൈനായിത്തനെ സംസ്ഥാന സമിതി ചേരാനാണ് ആലോചന. പാര്‍ട്ടി പരിപാടികള്‍ക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനുമെല്ലാം ഡിജിറ്റല്‍ സങ്കേതങ്ങളെ കൂടുതല്‍ ആശ്രയിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം അതിരപ്പിള്ളി വിവാദം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തില്ല.
സംസ്ഥാനത്തു നിന്നുള്ള പി.ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷണന്‍, എസ്.രാമചന്ദ്രന്‍പിള്ള, എം.എ.ബേബി എന്നിവര്‍ക്കൊപ്പം സെക്രട്ടേറിയറ്റ് അംഗങ്ങളും എകെജി സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സമിതി അംഗങ്ങളും എകെജി സെന്ററിലെത്തി. മറ്റ് അംഗങ്ങള്‍ക്ക് അതത് ജില്ലാ കമ്മിറ്റി ഓഫീസുകളിലാണ് കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
ഓണ്‍ലൈന്‍ കമ്മിറ്റി പുതിയ അനുഭവമെന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ പ്രതികരണം. ‘കാലത്തിനൊത്ത മാറ്റം അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂടുതല്‍ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. പുതിയ ലോകത്ത് ഒന്നും അത്ര വലിയ രഹസ്യമൊന്നുമല്ല. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ ചോരുമെന്ന ആശങ്കയില്ല’- ജയരാജന്‍ പറഞ്ഞു. നേരത്തേ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ചില അംഗങ്ങള്‍ ഓണ്‍ലൈനായി പങ്കെടുത്തത് മാറ്റി നിര്‍ത്തിയാല്‍ കേരളത്തിലെ സി.പി.എമ്മില്‍ ഇത് പുതിയ തുടക്കമാണ്.