തിരുവനന്തപുരത്ത് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ പൊന്നന്‍ ആണ് ഭാര്യ ലീലയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

തൊഴുവന്‍കോട്ടെ രണ്ട് വീടുകളിലായാണ് പൊന്നനും ഭാര്യ ലീലയും താമസിക്കുന്നത്. ഇന്നലെ ബന്ധു വീട്ടില്‍ തങ്ങിയിരുന്ന പൊന്നന്‍ രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലീല ഇവിടേക്ക് വന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും പിന്നാലെ പൊന്നന്‍ ഭാര്യയെ പട്ടിക കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.

പൊന്നന്റെ വീട്ടില്‍ നിന്നും ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ലീലയെ കാണുകയും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് ആംബുലന്‍സ് ഉടനെ സ്ഥലത്ത് എത്തുകയും ഇതില്‍ കയറ്റി ലീലയെ ആശുപത്രിയില്‍ കൊണ്ടു പോകുകയും ചെയ്തു.

ലീലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പൊന്നന് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെയാണ് അടുത്തുള്ള പറമ്പിലെ പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ പൊലീസ് പൊന്നന്റെ മൃതദേഹം താഴെയിറക്കി ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ലീലയും മരിച്ചത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സംഘര്‍ഷ സമയത്ത് ഇരുവരും വീട്ടിലുണ്ടായിരുന്നു.