രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
പി.പി.ചെറിയാന്‍
മസ്‌കിറ്റ് (ഡാളസ്): ഫോര്‍ത്തി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ നറ്റാഷ (17), അലക്‌സ (16) എന്നിവരെ പിതാവ് റെയ്മണ്ട് ഹെയ്ഡല്‍ (63) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്ത സംഭവം ജൂണ്‍ 8 തിങ്കളാഴ്ച മസ്‌കിറ്റ് ടൗണ്‍ ഈസ്റ്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു.
രാത്രി 10.30ന് വെടിയൊച്ച കേള്‍ക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഇരുനില വീട്ടില്‍ എത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന റെയ്മണ്ടിനെയാണ് ആദ്യം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ട് കുട്ടികളും ബെഡ് റൂമില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഫോര്‍ത്തി ഹൈസ്‌കൂള്‍ ബാന്റ് ടീം അംഗങ്ങളായിരുന്നു ഇരുവരും. നറ്റാഷയുടെ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ ജൂണ്‍ 1 നായിരുന്നു.
രണ്ടു മക്കളെ വെടിവച്ചു കൊല്ലുന്നതിന് പിതാവിനെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ച് വരുന്നതായി മസ്‌കിറ്റ് പൊലീസ് ലഫ്റ്റനന്റ് സ്റ്റീഫന്‍ ബ്രിഗ്‌സ് പറഞ്ഞു.
സമര്‍ത്ഥരായ രണ്ട് വിദ്യാര്‍ത്ഥികളെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ഫോര്‍തി സ്‌കൂള്‍ അധ്യാപകര്‍ പറഞ്ഞു. സഹപാഠികളുടെ മരണത്തില്‍ മാനസിക വിഷമത്തിലായിരിക്കുന്നവര്‍ക്ക് കൗണ്‍സലിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.