ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് പ്രത്യേക കോവിഡ് പരിശോധന ; പ്രവാസികളെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു

വിദേശങ്ങളില്‍ നിന്നും ചാര്‍ട്ടേഡ് ചെയ്ത വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെതിരെ കനത്ത ജനരോഷം. വിഷയത്തില്‍ നിയമസഭ പാസാക്കിയ നിര്‍ദേശ പ്രമേയത്തിന് വിരുദ്ധമാണ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വൈദ്യപരിശോധന ഏര്‍പ്പെടുത്തിയ കേന്ദ്രനിലപാട് തെറ്റാണെന്നായിരുന്നു നിയമസഭയിലെ പ്രമേയം. മാര്‍ച്ച് 12നാണ് പ്രമേയം നിയമസഭ പാസാക്കിയത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധന ഇറക്കിയത്.

ഇത് വലിയ തോതില്‍ പ്രവാസികളുടെ മടങ്ങിവരവിന് തടസമുണ്ടാക്കി. ഇതിനെതിരെയാണ് നിയമസഭ ഏക കണ്ഠേന പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്നു പിണറായിയുടെ നിര്‍ദേശം വരുന്നത്. വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വ്യവസ്ഥ വെച്ചത്. എന്നാല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെത്തുന്നവര്‍ക്ക് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നിരിക്കെ ഈ നിബന്ധന കൊണ്ടുവരുന്നത് പ്രവാസികള്‍ക്കിടയില്‍നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പല രാജ്യങ്ങളിലും വലിയ തുകയാണ് പരിശോധനയ്ക്ക് വേണ്ടിവരിക.

അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു. രാജ്യത്ത് ഒരു സംസ്ഥാനവും ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്വന്തം നാട്ടുകാരോട് കാണിക്കുന്ന ക്രൂരതയായി ഇത് മാറുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപെട്ടു. സര്‍ക്കാര്‍ ഉത്തരവ് തിരുത്താന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപെട്ടു. വന്ദേ ഭാരത് മിഷന് ഇല്ലാത്ത ഈ നിബന്ധന വല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സ്വന്തമായി ടിക്കറ്റ് എടുക്കാന്‍ കഴിവില്ലാത്തവരെയാണ് സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സംഘടിപ്പിച്ച് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നേടുക എന്നത് അപ്രായോഗികം ആണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇറ്റലിയില്‍ നിന്നും റിപ്പബ്ലിക് ഓഫ് കൊറിയയില്‍ നിന്നും മലയാളികളെ മടക്കി കൊണ്ട് വരുന്നതിന് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ 2020 മാര്‍ച്ച് 12 ന് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ മറന്ന് പോകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമേ നിരവധി പ്രവാസി സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.