പ്രകോപനം തുടരുന്നു ; ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം
പ്രകോപനപരമായ നടപടികള്‍ തുടര്‍ന്ന് അയല്‍രാജ്യമായ നേപ്പാള്‍. ഇന്ത്യന്‍ അതിര്‍ത്തിക്കകത്തെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അഗീകരിച്ചു. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് നേപ്പാളിന്റെ ഈ നീക്കം. ഇതോടെ ഇന്ത്യ തുറന്ന അതിര്‍ത്തി പങ്കിടുന്ന നേപ്പാളുമായുള്ള ബന്ധം കൂടുതല്‍ വഷളായി.
ഇന്ത്യന്‍ അതിര്‍ത്തിയിലെ കലാപാനി, ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളെല്ലാം പുതിയ ഭൂപടം പ്രകാരം Nepal അതിര്‍ത്തിയിലാണ്. ചൈനയുമായി 1962 ല്‍ നടന്ന യുദ്ധത്തിന് ശേഷം ഇന്ത്യ ശക്തമായ സൈനിക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്ന തന്ത്രപ്രധാനമായ മേഖലകളാണ് ഇവ.
ഇന്ന് ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ആകെയുള്ള 275 അംഗങ്ങളില്‍ 258 പേര്‍ പങ്കെടുത്തു. എല്ലാവരും പുതിയ ഭൂപടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മാസം സര്‍ക്കാര്‍ പുതിയ മാപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതിപക്ഷമായ നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ പിന്തുണച്ചിരുന്നു. ഇനി മാപ്പ് ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് അയക്കും. അവിടെയും വോട്ടെടുപ്പിലൂടെ മാപ്പ് അംഗീകരിക്കും.
ബില്ലിന്റെ വ്യവസ്ഥകള്‍ക്കെതിരായ ഭേദഗതികളില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ നിയമസഭാംഗങ്ങള്‍ക്ക് 72 മണിക്കൂര്‍ സമയംനല്‍കും. ദേശീയ അസംബ്ലി ബില്‍ പാസാക്കിയ ശേഷം, അത് പ്രാമാണീകരണത്തിനായി രാഷ്ട്രപതിക്ക് സമര്‍പ്പിക്കും, അതിനുശേഷം ബില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയും നേപ്പാളും തമ്മില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ മോശമാകുവാനാണ് ഇനി സാധ്യത.