ചോദ്യങ്ങള്‍ ബാക്കിയാക്കി സുശാന്ത് സിംഗ് യാത്രയായി
സിനിമാ പ്രേമികള്‍ക്ക് കനത്ത ആഘാതം നല്‍കിയതായിരുന്നു ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ. മരണ വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും സിനിമാ ലോകത്തിന് സാധിച്ചിട്ടില്ല. ഇത്രയും ചെറിയ പ്രായത്തില്‍ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് ആരും ചിന്തിച്ചില്ലെന്ന് വേണം കരുതാന്‍. 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് സുശാന്ത് ഏവര്‍ക്കും പ്രിയങ്കരനായത്.
ഇന്ന് പുലര്‍ച്ചയോടെ ചില സുഹൃത്തുക്കളാണ് മൃതേദഹം ആദ്യമായി കണ്ടതെന്നാണ് സൂചന. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് തകര്‍ത്ത് അകത്തു കയറിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ സുഷാന്തിനെ കണ്ടെത്തുകയായിരുന്നു. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഏക്ത കപൂറിന്റെ ‘പവിത്ര റിഷ്ത’ എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുഷാന്ത് ‘കയ്‌പോചെ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാന്‍സ് കൂടിയെത്തിയതോടെ ബോളിവുഡിലെ എണ്ണം പറഞ്ഞ നടനായി മാറി സുശാന്ത്. പ്രേക്ഷകന് അത്രയേറെ അടുപ്പം തോന്നിപ്പിക്കുന്ന അഭിനയം. പികെയിലെ സര്‍ഫ്‌റാസ് എന്ന കഥാപാത്രത്തിലൂടെ 2014ല്‍ അദ്ദേഹം വീണ്ടും ആ അടുപ്പം ഉറപ്പിച്ചു. ഇന്ത്യക്കാരിയെ പ്രേമിക്കുന്ന പാക്കിസ്ഥാന്‍ പയ്യനായി ‘പികെ’യിലെ ക്ലൈമാക്‌സില്‍ അദ്ദേഹം നടത്തിയ അഭിനയം ഇന്നും പ്രേക്ഷകന്റെ കണ്ണു നിറയ്ക്കും. 2015ല്‍ ഡിറ്റക്ടീവ് ബ്യോംകേഷ് ഭക്ഷി എന്ന ആക്ഷന്‍ ത്രില്ലറിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു.
എന്നാല്‍ സ്വകാര്യ ജീവതത്തില്‍ തൃപ്തന്‍ അല്ലായിരുന്നു സുശാന്ത് എന്ന് വേണം കരുതാന്‍. താരം കഴിഞ്ഞ കുറച്ചു നാളുകളായി കനത്ത ഡിപ്രഷനില്‍ ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അതുപോലെ മരിക്കുന്നതിന് രണ്ടാഴ്ച്ച മുന്‍പ് അമ്മയുടെ ചിത്രം സുശാന്ത് പോസ്റ്റ് ചെയ്തിരുന്നു. മങ്ങിയ ഭൂതകാലം എന്നാണ് അതിന് തലക്കെട്ട് നല്‍കിയിരുന്നത്. ലോക്ക് ഡൌണ്‍ കാരണം ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താരം.
അതിനിടെ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യാകാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തകയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും ബോളിവുഡ് ഇന്‍ഡസ്ട്രിക്കകത്തെ ആരും തന്നെ കൂടെ നിന്നിരുന്നില്ലെന്നും സ്വപ്ന ഭവാനി ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡ് ഇന്‍ഡസ്ട്രീക്കകത്ത് ആരും തന്നെ സുഹൃത്തുക്കളായി കാണില്ലെന്നും സ്വപ്ന ട്വീറ്റിലൂടെ പങ്കുവെച്ചു. ചിച്ചോരെയാണ് സുശാന്തിന്റേതായി പുറത്തിറങ്ങിയ അവസാനം ചിത്രം. 2019ല്‍ സുശാന്തിന്റെതായി പുറത്തിറങ്ങാനിരുന്ന 5 ചിത്രങ്ങള്‍ മുടങ്ങിയതും മരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അവസാനചിത്രമായ ദില്‍ ബേചാര ലോക്ക് ഡൌണ്‍ കാരണം ഓണ്‍ലൈന്‍ റിലീസിന് തീരുമാനിച്ചിരുന്നു.
അതേസമയം സുശാന്തിന്റെ പഴയ മാനേജര്‍ ആയിരുന്ന യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. സുശാന്ത് സിങിന്റെ മാനേജറായ ദിശ സാലിയനും അടുത്തിടെയാണ് ജീവനൊടുക്കിയത്. മാനേജരുടെ മരണവാര്‍ത്ത അറിഞ്ഞ് ഞെട്ടല്‍ മാറും മുന്നേ ആറാം ദിവസം താരവും യാത്രയായി. അതിനു പിന്നാലെ സുശാന്തും ആത്മഹത്യ ചെയ്തത് ചോദ്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. പ്രളയസമയത്ത് കേരളത്തിന് താരം ഒരു കോടി രൂപ ധനസഹായം നല്‍കിയിരുന്നു.