കോവിഡ്-19ന്റെ ആഘാതം കുട്ടികളില്‍

ലിസി സണ്ണി സ്റ്റീഫന്‍, പ്രിന്‍സിപ്പല്‍, സെന്റ്‌സെബാസ്റ്റിയന്‍സ് പബ്ലിക്‌സ്‌കൂള്‍, പേരൂര്‍

രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഇത്രയും വലിയ ഒരു പ്രതിസന്ധി ലോകം കണ്ടിട്ടില്ല. ഐക്യ രാഷ്ട്രസംഘടനയുടെ പഠനങ്ങള്‍ അനുസരിച്ച് കോവിഡ് 19 കുട്ടികളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണ്. കുട്ടികളിലെ കോവിഡ് വ്യാപനവും മരണനിരക്കും താരതമേന്യ കുറവാണെങ്കിലും പല മേഖലകളിലും, പ്രത്യേകിച്ച് സാമൂഹിക,സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല.

ഇന്ത്യയെപ്പോലെ ജനസാന്ദ്രതയേറിയ രാജ്യങ്ങളിലെ കുട്ടികളിലാണ് കോവിഡ് 19 കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കുടുംബങ്ങളെ പട്ടിണിയിലാക്കുമ്പോള്‍ നല്ലൊരു ശതമാനം കുട്ടികളും ദാരിദ്രത്തിനടിമപ്പെടും എന്നാണ്. 2019ലെ ലോക കണക്കുകള്‍ നോക്കിയാല്‍ ഏതാണ്ട് 386 മില്യന്‍ കുട്ടികള്‍ ഇപ്പോള്‍ത്തന്നെ ദാരിദ്രിയമനുഭവിക്കുന്നുണ്ട്.

ലോകം മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിട്ട ഒരു ചരിത്രം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. പകര്‍ച്ചവ്യാധികളോ, യുദ്ധങ്ങളോ മറ്റുദുരന്തങ്ങളോ ഉണ്ടായപ്പോള്‍ ചില രാജ്യങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. ഈ വര്‍ഷം വിദ്യ ആരംഭിക്കേണ്ടവരും വിദ്യാഭ്യാസം പൂത്തിയാക്കേണ്ട യുവജനങ്ങളും വീണ്ടും നാളുകള്‍ കാത്തിരിക്കേണ്ടി വരുന്നു. യുവതലമുറയില്‍ ഒരു തൊഴില്‍ രഹിത സമൂഹമാണ് ഇനി വരാനിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെപഠനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാം എന്ന് അവകാശപ്പെടുമ്പോഴും ദാരിദ്ര്യമേഖലയ്ക്ക് താഴെയുള്ള കുട്ടികള്‍ക്ക് പഠനം നിഷേധിക്കപ്പെടുന്നു. എത്രനാള്‍ സ്‌കൂള്‍ തുറക്കാതിരിക്കുന്നുവോ, അതിനനുസരിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള താത്പര്യം കുറയുകയും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യും. വിദ്യാഭ്യാസമില്ലാത്ത ഒരു തലമുറയ്ക് ഇത് വഴിയൊരുക്കും. ഇതിന്റെ ഫലമായി ബാലവേല കൂടാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ പഠനം നിറുത്തിയ കുട്ടികള്‍ കുറ്റക്രുത്യങ്ങളിലേയ്ക്കും മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തിലേയ്ക്കും മാറാനുള്ള സാഹചര്യം ഏറെയാണ്. സ്‌കൂള്‍ തുറന്നാലും ക്ലാസ്സുകള്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ എന്ന രീതി അവലംബിച്ചുകോണ്ട് ബാക്കി സമയം ഓണ്‍ലൈന്‍ പഠനമായിരിക്കുമെന്ന് പല വിദ്യാഭ്യാസബോര്‍ഡുകളും ഉത്തരവിറക്കിക്കഴിഞ്ഞു.

മാതാപിതാക്കള്‍ ജോലിക്കു പോകുകയും കുട്ടികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ പഠിക്കുന്നതും പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ഒന്നും കാണില്ല. ഒരു സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ത്തന്നെ അത് ജോലിക്കുപോകുന്ന മാതാപിതാക്കളുടെ കയ്യിലായിരിക്കും. തനിയെ ആയിരിക്കുന്ന കുട്ടിക്ക് ഒരു സുരക്ഷയും ഇല്ല. മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. കുട്ടിയുടെ സുരക്ഷ ഒരു വലിയ പ്രശ്‌നമായിത്തീരും. അതുപോലെ പെണ്‍കുട്ടികള്‍ക്ക് മിക്കവാറും പഠനത്തിനുവേണ്ടി ഫോണോ ഇന്റര്‍നെറ്റോ കിട്ടിയെന്നുവരില്ല. ഇതു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും. പല ഓഫറുകളുമായി കാത്തിരിക്കുന്ന ഇന്റര്‍നെറ്റ് വേട്ടക്കാര്‍ കുട്ടികള്‍ക്കുനല്‍കുന്ന വിവരങ്ങളുടെ വിശ്വാസ്യതയും പരിശോധിക്കേണ്ടതുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഭിന്നശേഷിക്കാരുടെ പഠനവും ബുദ്ധിമുട്ടാകും. ഭാവിയുടെ മനുഷ്യസമ്പത്ത് ഇന്നത്തെ കുട്ടികളാണ് എന്ന സത്യം മറക്കരുത്. ചില രാജ്യങ്ങളില്‍, സ്‌കൂളുകള്‍ മിലിട്ടറിക്കും ക്വാറന്റൈന്‍ നടപ്പിലാക്കുന്നതിനുമായി ഉപയോഗിക്കുന്നുണ്ട്. സ്‌കൂളിലെ പഠന സാമഗ്രികളും മറ്റുപകരണങ്ങളും നശിച്ചുപോകാന്‍ ഇത് ഇടയാക്കാം. വിദൂര പഠനങ്ങളിലൂടെ ഉന്നതവിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാന്‍ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ആരോഗ്യരംഗത്ത് ക്രുത്യമായി രോഗപ്രതിരോധകുത്തിവെയ്പുകള്‍ എടുക്കാന്‍ ഈ കോവിഡ് കാലത്ത് കഴിഞ്ഞിട്ടില്ല. ഇത് ശിശുരോഗങ്ങളും ശിശുമരണനിരക്കും വര്‍ദ്ധിപ്പിക്കും.

മറ്റുരോഗങ്ങള്‍ക്ക് ചികിത്സതേടിയിരുന്ന കുട്ടികള്‍ക്ക് തുടര്‍ചികിത്സ കിട്ടാതെ വരുന്ന സാഹചര്യത്തില്‍ ആ രീതിയിലും മരണനിരക്ക് കൂടാനിടയുണ്ട്.

കുട്ടികളില്‍ പോഷകാഹാരക്കുറവുണ്ടാകും. കുടുംബത്തിലെ ദാരിദ്ര്യം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയായിരിക്കും. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. പോഷകാഹാരങ്ങളുടെ ദൗര്‍ലഭ്യം മറ്റുപല രോഗങ്ങള്‍ക്കും വഴിതെളിക്കും. SAM(Severe Acute Malnutrition), Anemia (വിളര്‍ച്ച) ഇതൊക്കെ കുട്ടികളുടെയിടയില്‍ സാധാരണമായിത്തീരും. ബാല്യ, ശൈശവ, കൗമാരകാലഘട്ടങ്ങളില്‍ ലഭ്യമാക്കേണ്ട പോഷകാംശങ്ങള്‍ ലഭിക്കാതെ വന്നാല്‍ അത് കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയെയും ബാധിക്കും.

കുടുംബങ്ങള്‍ ദാരിദ്ര്യത്തിലും സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെടുമ്പോള്‍ കുട്ടികള്‍ പലരും പഠനം നിറുത്തി, അല്ലെങ്കില്‍ പഠനമില്ലാത്ത ദിവസങ്ങളില്‍ ദിവസവേതനക്കാരായി മാറുന്ന ഒരു സാഹചര്യമുണ്ടാകാം. കുട്ടികള്‍ സാമ്പത്തിക ചൂഷണത്തിനും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കും ഇരയാകാം.
കുട്ടികളുടെ സുരക്ഷിതത്വമൊരുപ്രശ്‌നമാകും. അഭയാര്‍ത്ഥിക്യാമ്പുകളിലും പ്രശ്‌നമേഖലയിലും കഴിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ശൈശവ വിവാഹങ്ങളും നേരത്തേയുള്ള ഗര്‍ഭധാരണങ്ങളും പെണ്‍കുട്ടികളുടേയും ശിശുക്കളുടേയും മരണനിരക്ക് വര്‍ദ്ധിപ്പിക്കും. കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ ലൈംഗിക പീഡനങ്ങള്‍ക്കും ഭിക്ഷാടനത്തിനും തെരുവില്‍ കച്ചവടങ്ങള്‍ നടത്തുന്നതിനും നിര്‍ബന്ധിതരാകാം.

കോവിഡ്19 കുട്ടികളില്‍ പല മാനസിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാം. ശാരീരിക അകലം പാലിക്കലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കുട്ടികളില്‍ ഉത്ക്കണ്‍ഠയും വിഷാദവും ഉണ്ടാകാന്‍ കാരണമാകാം. കുടുംബം നേരിടുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മറ്റുള്ളവരുടെ രോഗങ്ങളുമൊക്കെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് കുട്ടികളെയാണ്. കുടുംബത്തിലെ ഈ സമ്മര്‍ദ്ദങ്ങള്‍ കുടുംബകലഹങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും വഴിതെളിക്കുന്നു. ഇതിനെല്ലാം സാക്ഷികളാകുന്ന കുട്ടികള്‍ക്ക് പലതരം മാനസികവും ബൗദ്ധികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടപ്പെടുന്നതും യുവജനങ്ങളില്‍ മാനസിക പ്രശ്‌നങ്ങളും കുറ്റക്രുത്യങ്ങളും ലഹരി ഉപയോഗം കൂടുന്നതിനുമൊക്കെ കാരണമാകും.

ഇതിനൊരു പരിഹാരമുണ്ടാകണമെങ്കില്‍ ഈ മഹാമാരിയുടെ വ്യത്യസ്ഥതലങ്ങളെക്കുറിച്ചും അവ കുട്ടികളില്‍ ഏല്‍പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളും വിവരശേഖരണങ്ങളും ദ്രുതഗതിയിലാക്കുകയും ഐക്യദാര്‍ഡ്ഠ്യത്തോടെ എല്ലാവരും പ്രയത്‌നിക്കുകയും വേണം. സ്വീഡന്‍ പോലുള്ള രാജ്യങ്ങള്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട്, രാജ്യം സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക് വീണുപോകാതെ, നമ്മുടെ കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയെ മുന്‍ നിറുത്തി എല്ലാ മേഖലകളിലും പുനക്രമീകരണങ്ങള്‍ ഉണ്ടാകണം. ഭരണതലത്തില്‍ നമ്മുടെ കുട്ടികള്‍ക്കുവേണ്ടി ഗ്രാന്റുകള്‍ അനുവദിച്ചുകൊണ്ട് കുടുംബത്തിന് താങ്ങാകണം. അതുപോലെ കുട്ടികള്‍ക്കായി സപ്ലൈകോയിലൂടെയോ ഹെല്‍ത്ത്‌സെന്ററുകള്‍ വഴിയോ പോഷകാഹാരങ്ങള്‍ വിതരണം ചെയ്യാനാവണം. ശാരീരിക അകലവും മറ്റുനിയന്ത്രണങ്ങളും പാലിച്ചുകൊണ്ടുതന്നെ അവരുടെ വിദ്യാഭ്യാസം മുന്നോട്ടുപോകണം.

കുട്ടികള്‍ പീഡനങ്ങള്‍ക്കോ മറ്റുചൂഷണങ്ങള്‍ക്കോ വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമായിരിക്കണം. മാതാപിതാക്കള്‍ക്കും സംരക്ഷണച്ചുമതലയുള്ളവര്‍ക്കും പരിശീലനങ്ങളും ബോധവത്ക്കരണങ്ങളും നല്‍കി കുട്ടികളുടെ മാനസികാരോഗ്യം നിലനിറുത്തണം. അതോടൊപ്പം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കോവിഡ് പരിശോധന, ചികിത്സ, വാക്‌സിന്‍ വന്നുകഴിയുമ്പോള്‍ അതും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്കു മാത്രമായുള്ള സര്‍വീസ് സെന്ററുകള്‍ വഴി അവരുടെ സുരക്ഷയും പോഷകാഹാരവിതരണവും രോഗപ്രതിരോധ കുത്തിവെയ്പുമൊക്കെ ഉറപ്പുവരുത്തേണ്ടതായിവരും. അതുപോലെ സ്‌കൂള്‍ സമയത്തിനുശേഷം കുട്ടികള്‍ തനിച്ചായിരിക്കാനുള്ള അവസരം കൊടുക്കാതെ അവരെ ശ്രദ്ധിക്കാനും ഓണ്‍ലൈന്‍ പഠനം ഉറപ്പൂവരുത്താനും കെയര്‍ ടേക്കിംഗ് സെന്ററുകള്‍ ഒരുക്കേണ്ടിവരും.

ഈ മഹാമാരി എത്രനാള്‍ ഇങ്ങനെ നീണ്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇത് ഏല്‍പ്പിക്കുന്ന ആഘാതവും. ഉദാഹരണത്തിന് സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെത്രനാള്‍ നീണ്ടുനില്‍ക്കുന്നുവോ അതിനനുസരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ നിലനില്‍പ്പിനായി ഉള്ളതെല്ലാം വില്‍ക്കേണ്ട അവസ്ഥ വരാം. വിദ്യാലയങള്‍ തുറക്കാന്‍ വൈകുന്തോറും കുട്ടികള്‍ ഇതുവരെ ആര്‍ജിച്ച അറിവും കഴിവുകളും നഷ്ടപ്പെടും. രോഗപ്രതിരോധകുത്തിവെയ്പുകള്‍ മുടങ്ങിയാല്‍ നമ്മള്‍ നിര്‍മാര്‍ജനം ചെയ്ത പോളിയോയും വസൂരിയുമൊക്കെ തിരികെ വരാം.

ഇത് അഭൂതപൂവമായ ഒരു പ്രതിസന്ധിയാണ്. ഇവിടെ ആഗോള തലത്തില്‍ കുട്ടികള്‍ക്കും മാനവികതയ്ക്കും വേണ്ടി ഐക്യദാര്‍ഡ്ഠ്യത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഈ മഹാമാരിയെ കീഴടക്കാനുള്ള ഒരു അവസരം മാത്രമല്ല, നമ്മുടെ യുവതലമുറ വളര്‍ന്നതും ശീലിച്ചതുമായ രീതികളില്‍ നിന്ന് വേറിട്ട് ചിന്തിക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമായി ലഭിച്ച ഒരു അവസരം കൂടിയായി നമുക്കിതിനെ കാണാം.