നവവധു മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ്
ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച യുവതിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍. ഇത് കൊലപാതകാണെന്നുള്ള തെളിവുകള്‍ ഉണ്ടെന്ന് അന്ന് തന്നെ പൊലീസ് സര്‍ജന്‍ പറഞ്ഞിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സംഭവത്തിനു പിന്നില്‍ സ്ഥലത്ത് സ്വകാര്യ ഫൈനാന്‍സിംഗ് നടത്തുന്ന വ്യക്തിക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ശ്രുതി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
”പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമായത്. മകള്‍ കുഴഞ്ഞു വീണ് മരണപ്പെട്ടതല്ലെന്നും കഴുത്തിലുണ്ടായ സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സര്‍ജനെ എത്രയും വേഗം പോയി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മെഡിക്കല്‍ കോളജില്‍ പോയി മനു ജോണ്‍ എന്ന പൊലീസ് സര്‍ജനെ കണ്ടു. അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു തന്നപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്. മനു ജോണ്‍ പറഞ്ഞത്, മകള്‍ കുഴഞ്ഞു വീണതല്ല എന്നായിരുന്നു.
കഴുത്തിന് ശക്തമായ മര്‍ദ്ദനമേറ്റതാണ് മരണ കാരണമായത്. രണ്ട് കാരണങ്ങള്‍ അദ്ദേഹം ഇതിന്റെ കാര്യത്തില്‍ പറഞ്ഞു. ശ്രുതിയെ മുന്നില്‍ നിന്ന് ആരും തള്ളിയിട്ടില്ല. അങ്ങനെയെങ്കില്‍ ശാസ്ത്രീയമായ ചില തെളിവുകള്‍ കിട്ടിയേണെ. രണ്ടാമതായി, ശക്തനായ ഒരു കൊലയാളി ഇതിലുണ്ടോ എന്ന് സംശയിക്കണം. സാരിയോ ഷാളോ കയറോ പോലെ എന്തോ ഒരു വസ്തു ഉപയോഗിച്ചാണ് പിന്നില്‍ നിന്ന് വലിച്ചതാണ്. കെട്ടിത്തൂക്കിയതാണെങ്കില്‍ അത് അഴിച്ചിട്ടുണ്ടാവും. അതിനുള്ള തെളിവുകള്‍ ശരീരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.”- സുബ്രഹ്മണ്യന്‍ പറഞ്ഞു.
അരുണുമായുള്ള പ്രണയ ബന്ധം അറിഞ്ഞയുടന്‍ വിളിച്ച് അന്വേഷിച്ചിരുന്നു. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ പറ്റിയ സ്ഥിതിയല്ലെന്നും മകളെ പറഞ്ഞ് മനസ്സിലാക്കി മറ്റൊരു വിവാഹത്തിനു സമ്മതിപ്പിക്കണമെന്നാണ് അരുണ്‍ പറഞ്ഞത്. തുടര്‍ന്ന് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിച്ച് നിശ്ചയം നടത്തി. ഇതറിഞ്ഞ അരുണ്‍ വീണ്ടും ഇടപെട്ടു. ഇതോടെ നിശ്ചയം നടത്തിയ ബന്ധം നഷ്ടപരിഹാരം നല്‍കി ഒഴിവാക്കി. മകള്‍ മറ്റൊരു വിവാഹം കഴിച്ചാല്‍ അരുണ്‍ ഭീഷണിപ്പെടുത്തിയിരുന്നു.
അരുണിന്റെ അച്ഛനും ജ്യേഷ്ഠനും ആറു മാസം മുന്‍പ് വീട്ടിലേക്ക് വന്നിരുന്നു. അന്ന് അവര്‍ സ്ത്രീധനം ആവശ്യപ്പെട്ടില്ല. വിവാഹനിശ്ചയം കഴിഞ്ഞ് അരുണ്‍ മകളോട്, കുടുംബത്തിന്റെ നിലവാരം അനുസരിച്ച് തനിക്ക് 150 പവന്‍ സ്വര്‍ണ്ണം എങ്കിലും കിട്ടുമായിരുന്നു എന്ന് പറയുമായിരുന്നു. അതുകൊണ്ട് 50 പവനെങ്കിലും തരില്ലേ? എന്നും ഇടക്കിടെ ചോദിക്കുമായിരുന്നു. 40 പവനു മുകളില്‍ കൊടുക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. 50 കൊടുക്കാനായില്ല.
മകള്‍ മരണാസന്നയായി കിടന്നപ്പോള്‍ ആശുപത്രിയില്‍ അരുണോ അരുണിന്റെ കുടുംബം ആരും ഉണ്ടായിരുന്നില്ല. അവിടെ സ്വകാര്യ ഫൈനാന്‍സിംഗ് നടത്തുന്ന ഒരു വ്യക്തി സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ വെച്ച ബോര്‍ഡ് നശിപ്പിച്ച് അതിന്റെ വീഡിയോ ഫോണിലേക്ക് അയച്ചു നല്‍കിയിരുന്നു. പൊലീസിനെയും ബന്ധുക്കളെയുമൊക്കെ പലപ്പോഴും ഇയാള്‍ അവഹേളിച്ചിരുന്നു. ഈ അന്വേഷണം എവിടെയും എത്തിക്കില്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞതു വഴി അരുണുമായുള്ള എന്റെ ബന്ധം വഷളായി.
പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചു. തെളിവുകള്‍ ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനും ഈ അന്വേഷണത്തില്‍ കൈകടത്തിയിട്ടുണ്ട്. അദ്ദേഹവും ഈ അന്വേഷണത്തെ എവിടെയും എത്തിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു എന്നും അദ്ദേഹം പറയുന്നു.