ബെയ്ജിംഗില്‍ കോവിട് പടരാന്‍ കാരണം സാല്‍മണ്‍ മത്സ്യങ്ങളെന്ന് ചൈന

ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലെ കോവിഡ് വ്യാപനത്തിന് പിന്നില്‍ ഇറക്കുമതി ചെയ്ത സാല്‍മണ്‍ മത്സ്യങ്ങളാണെന്നു ചൈന. ഇതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും സാല്‍മണുകളെ പിന്‍വലിച്ചു. സാല്‍മണ്‍ മത്സ്യങ്ങള്‍ ഉപയോഗിക്കരുതെന്ന് പല വിദഗ്ധരും മുന്നറിയിപ്പു നല്‍കിയതോടെ സാല്‍മണ്‍ ബഹിഷ്‌കരണമാണ് ചൈനയില്‍ സംഭവിക്കുന്നത്. നൂറോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സിന്‍ഫാഡി മാര്‍ക്കറ്റിലെ ചെയര്‍മാന്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ വെട്ടാനുപയോഗിച്ച ബോര്‍ഡില്‍ നിന്നും കോവിഡ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഭീതി വ്യാപകമായത്.

ചൈനാസ് സെന്റ്രര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളിലെ ചീഫ് എപിഡമോളജിസ്റ്റ് വു സുന്‍യുവിന്റെ മുന്നറിയിപ്പും ജനങ്ങളില്‍ വലിയ തോതില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തണുപ്പിച്ച് സൂക്ഷിക്കുന്ന ഭക്ഷണങ്ങളില്‍ മൂന്ന് മാസം വരെ കോവിഡ് രോഗാണുക്കള്‍ നശിക്കാതിരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ പുതിയ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമായി സംശയിക്കപ്പെടുന്നതായും വു സുന്‍യു കൂട്ടിച്ചേര്‍ത്തിരുന്നു.

വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ചൈനയിലേക്കുള്ള സാല്‍മണ്‍ ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. ചൈനയിലേക്ക് സാല്‍മണ്‍ മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഡെന്മാര്‍ക്ക്, നോര്‍വേ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് വലിയ തോതില്‍ ബാധിച്ചിരിക്കുന്നത്. ഏതാണ്ട് 700 ദശലക്ഷം ഡോളറിന്റെ(ഏതാണ്ട് 5300 കോടി രൂപ) സാല്‍മണ്‍ മത്സ്യ വിപണി തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നത്.

മനുഷ്യരില്‍ നിന്നും സാല്‍മണിലേക്കാണോ സാല്‍മണ്‍ മത്സ്യത്തില്‍ നിന്നും മനുഷ്യരിലേക്കാണോ കോവിഡ് വൈറസ് പകര്‍ന്നതെന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നാണ് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വിദഗ്ധനായ സെങ് ഗുവാങ് ചൈനീസ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കുറച്ചുസമയത്തേക്ക് സാല്‍മണ്‍ മത്സ്യങ്ങളോ ഇറക്കുമതി ചെയ്ത മറ്റു വിഭവങ്ങളോ ഉപയോഗിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി.