തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന വ്യക്തി തീ കൊളുത്തി മരിച്ചു
തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന വ്യക്തി തീ കൊളുത്തി മരിച്ചു. ഇന്ന് വൈകുന്നേരം 5 മണിയോടെ ആറ്റിങ്ങല്‍, വിളയില്‍മൂലയിലാണ് സംഭവം. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി സുനില്‍ (33) ആണ് ആത്മഹത്യ ചെയ്തത്.
2 ദിവസം മുന്‍പ് വിദേശത്ത് നിന്നെത്തിയ സുനില്‍ മണമ്പൂരില്‍ ക്വാറന്റീനിലായിരുന്നു. ഇയാളുടെ ഭാര്യയുടെ സ്ഥലമാണ് വിളയില്‍മൂല. ഭാര്യയുമായി വേര്‍പെട്ട് ജീവിക്കുന്ന സുനില്‍ മകനെ കാണാനാണ് വന്നത്. തുടര്‍ന്ന് മകനെ കണ്ട് സംസാരിക്കുകയും ചുംബിക്കുകയും ചെയ്ത ശേഷം അച്ഛന്‍ വന്നത് ആരോടും പറയണ്ട എന്ന് പറഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ശരീരം പൂര്‍ണമായും കത്തി. ആളുകള്‍ ഓടിക്കൂടിയെങ്കിലും മരണം സംഭവിച്ചു. മാത്രമല്ല, വിദേശത്ത് നിന്നെത്തിയ ആളായത് കൊണ്ട് കൃത്യമായ മാനദണ്ഡങ്ങള്‍ സ്വീകരിച്ചാണ് തുടര്‍ നടപടികള്‍ നടക്കുന്നത്. പൊലീസും ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.