കെ എസ് ഇ ബി പകല്‍ കൊള്ള ; ബില്‍ കുറയ്ക്കാന്‍  സിനിമയില്‍ അഭിനയിക്കണോ?

സെലിബ്രിറ്റികളായ പരാതിക്കാരുടെ വൈദ്യുതി ബില്ലുകള്‍ മാത്രം കുറച്ചു നല്‍കുന്ന കെ.എസ്.ഇ.ബി പരാതി നല്‍കി നല്‍കി കെ.എസ്.ഇ.ബി ഓഫീസുകള്‍ കയറിയിറങ്ങുന്ന പാവപ്പെട്ട മലയോര കുടുംബങ്ങളുടെ ബില്ലുകള്‍ പരിശോധിക്കുവാന്‍ പോലും തയാറായിട്ടില്ല എന്ന് ആരോപണം. വൈദ്യുതി മന്ത്രി എംഎം മണിയുടെ യുടെ സ്വന്തം ജില്ലയില്‍ മന്ത്രിയുടെ മകള്‍ സതി കുഞ്ഞുമോന്‍ പ്രസിഡന്റായ ഗ്രാമ പഞ്ചായത്തിലാണ് സംഭവം.

ഒറ്റയ്ക്കു താമസിക്കുന്ന വിധവയും വയോധികയുമായ ഇടുക്കി രാജാക്കാട് മറ്റത്തില്‍ രാജമ്മയ്ക്ക് ഇത്തവണത്തെ വൈദ്യുതി ബില്‍ 11,000ന് മുകളിലാണ്. കഴിഞ്ഞ മാസത്തെ ബില്‍ വെറും 192 രൂപയും. മകളെ വിവാഹം ചെയ്തയച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ഈ വീട്ടമ്മ രാവിലെ കൂലിവേലക്ക് പോയി മടങ്ങിയെത്തിയാല്‍ വൈകിട്ട് ഒന്നോരണ്ടോ ബള്‍ബുകള്‍ കത്തിക്കും. കുറച്ചു സമയം ടിവി കാണും. ഇതാണ് ഇവരുടെ വൈദ്യുതി ഉപയോഗം. ഡ്രൈവറായ മകന്‍ വല്ലപ്പോഴുമെവീട്ടിലെത്തൂ. വര്‍ഷങ്ങളായി വൈദ്യുതി ഉപയോഗിക്കുന്ന ഇവര്‍ക്ക് 500 രൂപയില്‍ താഴെയുള്ള ബില്‍ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.എന്നാല്‍ ഇത്തവണത്തെ ബില്ല് 11355 രൂപ .

ഇത്തവണത്തെ ഭീമമായ ബില്ല് കണ്ട് ഞെട്ടിയ രാജമ്മ കെ.എസ്.ഇ.ബി രാജമ്മയും ഓഫീസിലെത്തി പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വാര്‍ത്ത ചാനലായ ന്യൂസ് 18 ഈ വാര്‍ത്ത ഇത് റിപ്പോര്‍ട്ട് ചെയ്തു. ന്യൂസ് 18 പൊതു വേദിയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ചീഫ് എന്‍ജിനീയര്‍ രാജമ്മയോട്‌ഫോണില്‍ നേരിട്ട് സംസാരിക്കുകയും കണ്‍സ്യൂമര്‍ നമ്പര്‍ വാങ്ങുകയും ചെയ്തു. പരാതി കേട്ട് അദ്ദേഹം ബില്‍ തുക കൂടുതലാണെന്ന് മനസിലായിട്ടുണ്ടായെന്നും അന്വേഷിക്കുമെന്നു പറഞ്ഞിരുന്നതാണ്.

എന്നാല്‍ ദിവസം നാലു കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല എന്നാണ് രാജമ്മ പറയുന്നത്. ഇതിനിടയിലാണ് സിനിമാ നടന്മാര്‍ അടക്കമുള്ളവരുടെ ബില്‍ തുക കെ.എസ്.ഇ.ബി കുറച്ചു നല്‍കിയത്. വൈദ്യുതി ചോര്‍ച്ചയാണ് ബില്‍ കൂടാന്‍ കാരണമെന്നാണ് രാജാക്കാട് സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഡോര്‍ ലോക്ക് ചാര്‍ജ്ജ് എന്ന പേരില്‍ മാത്രം ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 5000 രൂപയാണ്.

നിത്യവൃത്തിക്ക് വക കണ്ടെത്താന്‍ എലത്തോട്ടത്തില്‍ ജോലിക്ക് പോകുന്ന രാജമ്മ ഈ ബില്‍ തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ്. വിഷയം പരിശോധിക്കാമെന്ന ചീഫ് എന്‍ജിനീയറുടെ വാക്കുകള്‍ വിശ്വസിച്ച് രാജമ്മ കാത്തിരിക്കുകയാണ്.സെലിബ്രിറ്റിക്ക് വലിയ തുക ബില്‍ വന്നെന്ന പരാതി കേട്ടപ്പോള്‍ , വലിയ ഹോട്ടലുകളില്‍ ഒരു ചായ കുടിക്കുന്ന കാശ് മാത്രമായ 300 രൂപയിലേക്ക് കുറച്ച കെ.എസ്.ഇ.ബി രാജമ്മയോട് നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം 11,355 രൂപ ബില്‍ തുക അടയ്ക്കാന്‍ അവര്‍ ആറു മാസമെങ്കിലും എല്ലുമുറിയെ പണിയെടുക്കേണ്ടി വരും. പണം അടച്ചില്ല എങ്കില്‍ കെ എസ് ഇ ബി ഫീസും ഊരും അതാണ് നാട്ടുനടപ്പ്.