സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ദ്രോഹം തുടരുന്നു ; വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള പ്രവാസികള്‍ മാത്രം തിരികെ വന്നാല്‍ മതി എന്ന് സംസ്ഥാന സര്‍ക്കാര്‍. വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ പിസിആര്‍ ടെസ്റ്റിന് പകരം ട്രൂ നാറ്റ് റാപ്പിഡ് പരിശോധന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

തിരികെ വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് മന്ത്രിസഭാ തീരുമാനം. വന്ദേഭാരത് ദൗത്യമുള്‍പ്പെടെയുള്ള എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഇതിനായി പിസിആര്‍ പരിശോധനയക്ക് പകരം ട്രൂനാറ്റ് പരിശോധന നടത്തിയാല്‍ മതിയാകും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്ന ട്രൂ നാറ്റിന് 1000 രൂപ മാത്രമാണ് ചെലവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തിയില്ലെങ്കില്‍ വിമാനം തയ്യാറാക്കുന്ന സംഘടനകള്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗമില്ലാത്തവരും ഉള്ളവരും ഒരു വിമാനത്തില്‍ വരുകയാണെങ്കില്‍ രോഗവ്യാപനത്തിന് സാധ്യതയുള്ളത് കൊണ്ട് പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ മന്ത്രിസഭാ തീരുമാനത്തിനെതിരെ മറ്റന്നാള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിപക്ഷ നേതാവ് ഉപവാസം പ്രഖ്യാപിച്ചു.