പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്തില്‍ നിലപാട് വ്യക്തമാക്കി പിണറായി വിജയന്‍. കോവിഡ് ബാധിച്ചവര്‍ മറ്റുള്ളവര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പിണറായി പറയുന്നു. മുന്‍കരുതലില്ലെങ്കില്‍ രോഗവ്യാപനത്തോത് കൈവിട്ടുപോകും. ഈ ജാഗ്രതയുടെയും മുന്‍കരുതലിന്റെയും ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്നിടത്ത് കോവിഡ് പരിശോധന വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഇത് കേന്ദ്രത്തിന് മുന്നില്‍ തുടക്കത്തില്‍ത്തന്നെ മുന്നോട്ട് വച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ ആളുകളെ കൊണ്ടുവരുന്നതിന് കേന്ദ്രം നടപടി എടുത്തപ്പോള്‍ അങ്ങനെ വരുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം ആദ്യം സ്‌പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയിരുന്നു. കോവിഡ് നെഗറ്റീവാകുന്നവരെയേ കൊണ്ടുവരു എന്നാണ് സ്‌പൈസ് ജെറ്റ് അറിയിച്ചത്. ചില സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് അനുവാദം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അതും നല്‍കി. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ സ്‌പൈസ്‌ജെറ്റ് പരിശോധന നടത്തിയാണ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാനാകില്ല. അത് വലിയ അപകടമായി മാറും. ഇതുമായി ബന്ധപ്പെട്ട് പരിശോധന സുഗമമാക്കാന്‍ എംബസികള്‍ വഴി ഇടപെടല്‍ കേന്ദ്രം നടത്തണം. ഇതാണ് പ്രധാനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്നു വരുന്നവരില്‍ കോവിഡ് രോഗികളുണ്ടെങ്കിലും അവരെ കൊണ്ടുവരണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി.