ചൈനീസ് ആക്രമണം ; നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരം

ഇന്ത്യ – ചൈന ഏറ്റുമുട്ടലിനിടെ പരിക്ക് പറ്റിയ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരം എന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സംഘ4ഷം ലഘൂകരിക്കാന്‍ നിയന്ത്രണ രേഖയില്‍ നീക്കങ്ങള്‍ ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ ചൈനീസ് സൈനിക വിഭാഗത്തിനേറ്റത് കനത്ത പ്രഹരമെന്ന് സൂചന. ചൈനീസ് സൈന്യത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ ഉടന്‍ പുറത്തുവിട്ടേക്കും.

തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ചൈനക്കുണ്ടായ ആള്‍നാശത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. 20 ജവാന്മാരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ചൈനയുടെ ആള്‍നാശത്തെ കുറിച്ച് കരസേനയും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ചൈനയുടെ നിരവധി സൈനികരെ വധിച്ചതായി സൈനിക സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്ന് ഹെലികോപ്ടറുകള്‍ വഴി പരിക്കേറ്റ സൈനികരെ ഒഴിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. പരിക്കേറ്റ ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ പുറത്തു വിടുമെന്നും സൂചനയുണ്ട്. നാല്‍പതിലധികം ചൈനീസ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവില്‍ അനേരിക്ക അനുശോചനം രേഖപ്പെടുത്തി. സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം മൌനം തുടരുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി ഒളിച്ചിരിക്കുകയാണോ എന്ന് രാഹുല്‍ ചോദിച്ചു. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്റെ മണ്ണ് കയ്യേറാനും ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.