ചൈനീസ് ആപ്പുകളെ നിരോധിച്ചേക്കുവാന്‍ സാധ്യത ; ലിസ്റ്റില്‍ സൂം ടിക്ക് ടോക്ക് എന്നിവയും

രാജ്യത്ത് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം വരുമോ…? അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കെയാണ് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിന് ചൈനീസ് മൊബൈല്‍ ആപ്പുകളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്.

ഈ റിപ്പോര്‍ട്ടില്‍ ചൈനയുമായി ബന്ധമുള്ള 55 മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം. ഇന്ത്യക്കാരുടെ ജനപ്രിയ ആപ്പുകളായ സൂം,ടിക്ക് ടോക് ,യുസി ബ്രൌസര്‍,ഷെയര്‍ ഇറ്റ് തുടങ്ങിയ ആപ്പുകളുടെ ഉപയോഗം നിര്‍ത്താന്‍ ജനങ്ങളെ സര്‍ക്കാര്‍ ഉപദേശിക്കണം എന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നതായാണ് വിവരം.

ചൈനയുമായി ബന്ധമുള്ള ആപ്പുകളുടെ ഉപയോഗം സുരക്ഷിതമല്ല. ഇതിലൂടെ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ഡാറ്റ ചോരുന്നു,എന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം. രഹ്യന്വേഷണ വിഭാഗം നല്‍കിയ ഈ റിപ്പോര്‍ട്ടിനെ നാഷണല്‍ സെക്യുരിറ്റി കൌണ്‍സില്‍ സെക്രട്ടേറിയറ്റും പിന്തുണച്ചു.

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സൂം ആപ്പ് ഉപയോഗിച്ചുള്ള വീഡിയോ കോണ്‍ഫറന്‍സുകളും മറ്റും സജീവമായിരുന്നു.എന്നാല്‍ ഏപ്രിലില്‍ സൂമിന്റെ ഉപയോഗം നിയന്ത്രിക്കണം എന്ന്  സൈബര്‍ സെക്യുരിറ്റി ഏജന്‍സിയായ സെര്‍ട്ട് നിര്‍ദേശം നല്‍കിയിരുന്നു. റിമൂവ് ചൈന ആപ്പ് എന്ന ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായി നടക്കുകയാണ്.