സര്‍ക്കാരിന്റെ ഉദ്ദേശം നല്ലത്, പക്ഷേ പ്രായോഗികമല്ല: നവോദയ റിയാദ്
കോവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നല്ല ലക്ഷ്യവെച്ചുള്ളതാണെങ്കിലും ഗള്‍ഫിലെ സാഹചര്യങ്ങളില്‍ പ്രായോഗികമല്ലെന്ന് നവോദയ കേന്ദ്ര കമ്മിറ്റി സംസ്ഥാന മുഖ്യമന്ത്രിക്കയച്ച കത്തില്‍ വിശദീകരിച്ചു. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് സമയബന്ധിതമായി കോവിഡ് ടെസ്റ്റ് നടത്താനോ രേഖാമൂലം റിസള്‍ട്ട് ലഭ്യമാക്കാമോ ഗള്‍ഫില്‍ കഴിയില്ല. റിയാദിലെ ഇന്ത്യന്‍ എംബസ്സി അടക്കം കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനാല്‍ യാത്ര മുടങ്ങുന്ന സ്ഥിതിയുണ്ട്. സ്വകാര്യ ക്ളീനിക്കുകളില്‍ ഭീമമായ തുകയാണ് കോവിഡ് റെസ്റ്റിനായി ഈടാക്കുന്നത്. എല്ലാ ടെസ്റ്റ് റിസള്‍ട്ടുകളും ഫോണ്‍ വഴിയോ മെസ്സേജുകള്‍ വഴിയോ ആണ് അറിയിക്കുന്നത്. രേഖാമൂലം റിസള്‍ട് നല്‍കുന്ന രീതിയുമില്ല. പോസിറ്റീവായ രോഗികള്‍ക്ക് പ്രത്യേകം വിമാനം എന്ന നിര്‍ദ്ദേശവും നടക്കുന്നതല്ല. പോസിറ്റീവ് റിസള്‍ട്ടുള്ളവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകേണ്ടിവരും. ഒരു വിമാനകമ്പനിയും അവരെ കൊണ്ടുപോകാന്‍ തയ്യറാവുകയുമില്ല. കോവിഡ് ടെസ്റ്റ് എംബസ്സിയില്‍ നിന്ന് ഒരനുകൂല നിലപാടും ഉണ്ടാവുകയുമില്ല.
പ്രവാസികള്‍ക്കുവേണ്ടി എന്നും നിലകൊണ്ട ചരിത്രമാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ക്കുള്ളത്. ഈ കോവിഡ് കാലത്തും പ്രവാസികള്‍ക്കായി ഒട്ടനവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ സര്‍ക്കാരിന്റെ ലക്ഷ്യം നല്ലതാണെങ്കിലും ഗള്‍ഫിലെ സാഹചര്യത്തില്‍ പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. അത് ബോധ്യപ്പെട്ട്, പ്രവാസികള്‍ക്കനുകൂലമായി തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന് നവോദയ മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും അഭ്യര്‍ത്ഥിച്ചു.