ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 97 പേര്‍ക്ക്; 89 പേര്‍ രോഗമുക്തരായി ; ഒരു മരണം

കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 97 പേര്‍ക്ക്. 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ കെ.പി.സുനിലാണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇരുപത്തിയെട്ടുകാരനായ സുനില്‍. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 21 ആയി. സുനിലിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചു. പടിയൂര്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഊരത്തൂര്‍ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം.

ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്ക് രോഗം വന്നു. തിരുവനന്തപുരം 5, കൊല്ലം 13, പത്തനംതിട്ട 11, ആലപ്പുഴ 9, കോട്ടയം 11, ഇടുക്കി 6, എറണാകുളം 6, തൃശൂര്‍ 6, പാലക്കാട് 14, മലപ്പുറം 4, കോഴിക്കോട് 5, കണ്ണൂര്‍ 4, കാസര്‍കോട് 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്കുകള്‍.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ മഹാരാഷ്ട്ര 12, ഡല്‍ഹി 7, തമിഴ്നാട് 5, ഹരിയാന, ഗുജറാത്ത് 2, ഒറീസ 1 എന്നിങ്ങനെയാണ്. ഇന്ന് 4,817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,794 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,358 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,26,839 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1,967 പേരാണ്.

ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,69,035 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,194 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 35,032 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 33,386 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.