സംവിധായകന്‍ സച്ചി അന്തരിച്ചു
പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (സച്ചിധാനന്ദന്‍-48) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സച്ചിയെ ജൂണ്‍ 16നു വെളുപ്പിനെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് സച്ചിയെ തൃശൂര്‍ ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിച്ചിരുന്നില്ല. ഹൈപോക്‌സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.
സുഹൃത്തായ സേതുവുമൊത്ത് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ എഴുതിയ സച്ചി അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. 2020 ഫെബ്രുവരി 7ന് റീലീസ് ചെയ്ത അയ്യപ്പനും കോശിയുമാണ് രണ്ടാമത്തെ ചിത്രം. 2019 ഡിസംബറില്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ദിലീപ് നായകനായ രാമലീല എന്നീ ചിത്രങ്ങള്‍ എഴുതിയതും സച്ചിയാണ്. നാടകരംഗത്തിലൂടെയാണ് സച്ചി മലയാള സിനിമയില്‍ പ്രവേശിക്കുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എട്ടുവർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.