ജര്‍മനിയില്‍ ഇന്നു മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ; യൂറോപ്പില്‍ ഇനി സഞ്ചാര സ്വാതന്ത്ര്യം
കൈപ്പുഴ ജോണ്‍ മാത്യു
ബര്‍ലിന്‍: കഴിഞ്ഞ മൂന്നു മാസമായി കോവിഡ് മൂലം അടഞ്ഞ് കിടന്നിരുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ അതിരുകള്‍ ഇന്ന് മുതല്‍ ജര്‍മന്‍ ജനതയ്ക്കായി തുറക്കുന്നതായി ജര്‍മന്‍ വിദേശ മന്ത്രി ഹൈക്കോ മാസ് മാധ്യമങ്ങളെ അറിയിച്ചു. ഇതോടെ യൂറോപ്പിലെ 27 രാജ്യങ്ങളിലേയ്ക്കുള്ള യാത്രാ വിലക്ക് നീങ്ങി.
ജര്‍മന്‍ ജനതക്ക്, ഈ വര്‍ഷത്തെ വേനല്‍ക്കാല അവധി സ്വയം തീരുമാനിക്കാമെന്നും വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധ വിലയിരുത്തിവേണം സഞ്ചരിക്കേണ്ടതെന്നും മന്ത്രി മാസ് ജര്‍മന്‍ ജനതയെ ഓര്‍മിപ്പിച്ചു.ഇതിനിടയില്‍ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഈ വര്‍ഷാവസാനം മാര്‍ക്കറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന കോവിഡ് വാക്‌സിന് വേണ്ടി മുന്‍കൂര്‍ കരാറില്‍ ഒപ്പുവച്ചു.
ബ്രിട്ടീഷ്- സ്വീഡന്‍ ഔഷധ കമ്പനിയായ അസ്‌ട്രോ സെനക്കാ (ASTRA-ZENECA) കമ്പനിയില്‍ നിന്നു പുറത്തു വരുന്ന കോവിഡ് വാക്‌സിന്റെ നാനൂറ് ദശലക്ഷം (MILLION) ഡോസുകളാണു നാലു രാജ്യങ്ങള്‍ കൂടി വാങ്ങാന്‍ കരാറില്‍ ഒപ്പുവച്ചതെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി യെന്‍സ് സഫാന്‍ മാധ്യമങ്ങളെ അറിയിച്ചു.