അഭിമന്യു വധക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസിലെ മുഖ്യപ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്രതി സഹല്‍ ആണ് കീഴടങ്ങിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. 21 വയസ്സുകാരനായ സഹല്‍ നെട്ടൂര്‍ സ്വദേശിയാണ്. സഹലിനെ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ലോക് ഡൌണ്‍ സാഹചര്യത്തില്‍ റിമാന്റ് ചെയ്ത് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കാണ് അയിച്ചിട്ടുള്ളത്.

2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസില്‍ വച്ച് കൊല്ലപ്പെട്ടത്. ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്കും കുത്തേറ്റിരുന്നു. 26 ക്യാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. മഹാരാജാസിലെ വിദ്യാര്‍ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

16 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ക്കെതിരെ വിചാരണ തുടരുകയാണ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കേസിലെ മുഖ്യപ്രതികളായ രണ്ട് പേര്‍ ഒളിവിലായിരുന്നു. ഇവരില്‍ 12ആം പ്രതി മുഹമ്മദ് ഷാഹിം നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. പിന്നാലെയാണ് 10ആം പ്രതിയും കീഴടങ്ങിയത്. 26 പ്രതികളുള്ളതില്‍ 10 പേര്‍ക്കെതിരെ ഇനിയും കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്. കേസില്‍ ഇന്ന് കീഴടങ്ങിയ സഹല്‍ ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.