വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത്തരത്തില്‍ ഒരു നിബന്ധന ഇല്ലാതെയാണ് പ്രവാസികള്‍ ഇതുവരെ നാട്ടിലേക്കെത്തിയിരുന്നത്. എന്നാല്‍ ജൂണ്‍ മാസം ഇരുപതാം തിയതി മുതല്‍ നാട്ടിലേക്കു വരണമെങ്കില്‍ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതനല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ട് എങ്കില്‍ മാത്രമേ നാട്ടിലേക്കു വരാന്‍ സാധിക്കുകയുള്ളു എന്ന് കാണിച്ചുകൊണ്ട് ജൂണ്‍ പതിനൊന്നിന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കത്തും തുടര്‍ന്നുള്ള മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം.

ഇത്തരത്തില്‍ ഒരു നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയ എസ് ഓ പി കളില്‍ ഒന്നും ഇല്ല എന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ വന്നവര്‍ക്കു ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ജൂണ്‍ മാസം ഇരുപതാം തിയതി മുതല്‍ നാട്ടിലേക്കു വരണമെങ്കില്‍ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതനല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ട് എങ്കില്‍ മാത്രമേ നാട്ടിലേക്കു വരാന്‍ സാധിക്കൂ എന്നുള്ളത് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥനത്തും ഇത്തരത്തില്‍ ഒരു നിബന്ധനയില്ല. കൂടാതെ സമാനമായ ഒരു കേസില്‍ ഒറീസ സര്‍ക്കാര്‍ എടുത്ത സമാനമായ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്ത കാര്യവും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാറിന്റെ ഏകപഷീയമായ നടപടി റദ്ദു ചെയ്യണമെന്നു ഹര്‍ജിയില്‍ ആവശ്യപെടുന്നു.

പലരാജ്യങ്ങളും ഇത്തരത്തില്‍ ഒരു ടെസ്റ്റിനായി കനത്ത തുകയാണ് ഈടാക്കുന്നത്. മാസങ്ങളായി ജോലിയും കൂലിയും നഷ്ടപെട്ട പ്രവാസികള്‍ക്ക് ഇത്രയും തുക ചിലവഴിക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല പല രാജ്യങ്ങളിലും രോഗലക്ഷണമില്ലെങ്കില്‍ ഇത്തരത്തില്‍ ഒരു ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുമില്ല. ആയതിനാല്‍ ഇപ്പോള്‍ത്തന്നെ കടുത്ത മാനസികവും ശാരീരികവും സാമ്പത്തികവുമായ ഭാരിച്ച പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന പ്രവാസികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ നാട്ടിലെത്തിക്കാനുള്ള നിര്‍ദേശം കേരള സര്‍ക്കാരിന് നല്‍കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്‌ളോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപെടുന്നു. പ്രവാസി സമൂഹത്തിന് ബഹു: കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് അറിയിച്ചു. ഹര്‍ജി കേരള ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.