ജമ്മുകശ്മീരില്‍ 8 ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ ഉണ്ടായ രണ്ട് ഏറ്റുമുട്ടലുകളിലായി സൈന്യം 8 ഭീകരരെ വധിച്ചു. ഷോപ്പിയാനില്‍ 5 ഉം പുല്‍വാമയില്‍ 3 ഉം ഭീകരരെയാണ് വധിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായ ഏറ്റുമുട്ടലാണ് അതിര്‍ത്തി മേഖലകളില്‍ നടക്കുന്നത്. അതിനാല്‍ വ്യാപകമായ തിരച്ചില്‍ തുടരുകയാണ് സൈന്യവും പൊലീസും. അത്തരമൊരു തിരച്ചിലിനിടയിലാണ് ഷോപ്പിയാനില്‍ ഏറ്റുമുട്ടലുണ്ടായത്.

മുനന്ദില്‍ വച്ച് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് പുല്‍വാമയിലെ പാമ്പോറില്‍ സൈന്യവും പൊലീസും തിരച്ചില്‍ നടത്തിയത്. പ്രദേശം വളഞ്ഞ സൈന്യം ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

നിരസിച്ച ഭീകരര്‍ സമീപത്തെ മോസ്‌കിലേക്ക് അതിക്രമിച്ചു കയറിയതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മുനന്ദിലും പാമ്പോറിലും ഒരേ സമയമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇത്രയും ഭീകരരെ ഒരേസമയം വധിക്കാനായത് വന്‍ മുന്നേറ്റം ആയാണ് സൈന്യം കാണുന്നത്. ഷോപ്പിയാനില്‍ കഴിഞ്ഞ 10 ദിവസത്തിനിടയില്‍ അഞ്ചിലധികം ആക്രമണങ്ങളാണ് ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 100 ലേറെ ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു.