കൊവിഡ് പരിശോധന നിരക്ക് ഏകീകൃതമാക്കണം ; കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

രാജ്യത്ത് നിലവിലുള്ള കൊവിഡ് പരിശോധന നിരക്ക് ഏകീകൃതമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. പല സംസ്ഥാനങ്ങളിലും പല നിരക്കാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കഴമ്പില്ലാത്ത കാരണങ്ങള്‍ പറഞ്ഞു ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആര്‍ എടുക്കരുത്. മഹാരാഷ്ട്രയില്‍ കൊവിഡ് പരിശോധനാഫലം രോഗിക്കോ ബന്ധുവിനോ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്. കൊവിഡ് പരിശോധന നിരക്ക് പല സംസ്ഥാനങ്ങളിലും പലതാണെന്ന് കോടതി പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ 2200 രൂപയാണെങ്കില്‍ മറ്റിടങ്ങളില്‍ 4500 രൂപ. നിരക്കില്‍ ഏകികൃത സ്വഭാവമുണ്ടാകണമെന്ന് കോടതി വ്യക്തമാക്കി. പരിധി സംസ്ഥാനങ്ങള്‍ നിശ്ചയിക്കട്ടെയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

ഈടാക്കാന്‍ കഴിയുന്ന പരമാവധി നിരക്ക് കേന്ദ്രം തീരുമാനിക്കണമെന്നും ബാക്കികാര്യം സംസ്ഥാനങ്ങള്‍ ചെയ്തു കൊള്ളുമെന്നും കോടതി മറുപടി നല്‍കി. ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കഴമ്പില്ലാത്ത കാരണങ്ങള്‍ പറഞ്ഞു എഫ്ഐആര്‍ എടുക്കരുതെന്നും നിര്‍ദേശിച്ചു. ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിട്ടു.