27ാം വയസില്‍ അവസാന ഏകദിനം ? ഇര്‍ഫാന്‍ പത്താനു വില്ലന്‍ ആയത് ധോണിയോ
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാകുമെന്ന കരുതപ്പെട്ടിരുന്ന ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ അകാലത്തില്‍ അവസാനിക്കുവാന്‍ കാരണക്കാരന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയോ.2003ല്‍ ഇന്ത്യ അഡലെയ്ഡില്‍ മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച 19കാരനായ ഇര്‍ഫാന്‍ പത്താനെന്ന ഇടംകയ്യന്‍ മീഡിയം പേസറെ ആദ്യ കളിയില്‍ തന്നെ ലോകം ശ്രദ്ധിച്ചു. ഇരുവശത്തേക്കും അനായാസം സ്വിങ് ചെയ്യിക്കാനുള്ള ഇര്‍ഫാന്റെ കഴിവാണ് എതിരാളികളെ കുഴക്കിയത്.
”ഇനിയും കൂടുതല്‍ മത്സരങ്ങള്‍ എനിക്ക് ഇന്ത്യക്കുവേണ്ടി കളിക്കാന്‍ സാധിക്കുമായിരുന്നു. 27ാം വയസിലാണ് അവസാന ഏകദിന മത്സരം കളിച്ചത്. ഇപ്പോള്‍ 35-37 വയസിലൊക്കെ നിരവധി താരങ്ങള്‍ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെ ഉദാഹരണം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എങ്കിലും 35 വയസുവരെ കളിക്കാനായിരുന്നെങ്കില്‍ കാര്യങ്ങള്‍ ആകെ മാറിയേനെ. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല” വികാരാധീനനായി ഇര്‍ഫാന്‍ പറയുന്നു.
പരിക്കും ഇടക്കാലത്തെ ഫോമില്ലായ്മയും ഇര്‍ഫാന് പലപ്പോഴും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നിരിക്കെയും ടീമില്‍ തനിക്കുണ്ടായിരുന്ന റോളില്‍ വന്ന മാറ്റമാണ് പുറത്താവലിലേക്ക് നയിച്ചതെന്നാണ് പത്താന്‍ സൂചിപ്പിക്കുന്നത്. കളിയിലെ സാഹചര്യം മനസിലാക്കാതെ കണക്കുകള്‍ മാത്രം നോക്കിയാണ് പലപ്പോഴും തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നത് തന്നെ നിരാശപ്പെടുത്തിയെന്നും ഇര്‍ഫാന്‍ പത്താന്‍ പറയുന്നു.
ധോണി നായകനായ ശേഷമാണ് ടീമില്‍ ഇര്‍ഫാന്‍ പത്താന്റെ റോളില്‍ മാറ്റം വന്നത്. ഗാംഗുലിയുടെ സമയത്ത് ലഭിച്ചിരുന്ന ബാറ്റിംഗ് പരിഗണന ധോണിക്കു കീഴില്‍ പലപ്പോഴും ഇര്‍ഫാന് ലഭിച്ചില്ല. ടീം തന്നില്‍ നിന്നും ആവശ്യപ്പെടുന്നത് എന്താണെന്ന് അധികൃതര്‍ ഒരിക്കല്‍ പോലും വ്യക്തമാക്കിയില്ലെന്നും ഇര്‍ഫാന്‍ പറയുന്നു. ആദ്യ ബൗളിംഗ് ചേഞ്ചായി വരികയും 7-8 സ്ഥാനത്ത് ബാറ്റ് ചെയ്യുകയുമാണ് ധോണിയുടെ കാലത്ത് പത്താന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ അതേറോള്‍ ടീമില്‍ ചെയ്യുന്ന ഓള്‍റൗണ്ടര്‍ ആറ് റണ്‍സിലേറെ വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുക്കുന്നത് മോശം കാര്യമായി ആരും കരുതുന്നില്ല. എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാണിക്കുന്നു.
2012ല്‍ നടന്ന ടി 20 ലോകകപ്പിലായിരുന്നു ഇര്‍ഫാന്‍ പത്താന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാനിറങ്ങിയത്. അതേ വര്‍ഷം തന്നെ ആഗസ്ത് നാലിന് ശ്രീലങ്കക്കെതിരായിരുന്നു ഇര്‍ഫാന്‍ പത്താന്റെ അവസാന ഏകദിനം. അവസാന ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പത്താന്‍ തന്നെയായിരുന്നു അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ശ്രീലങ്കന്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും. പിന്നീടിന്നുവരെ ഇര്‍ഫാന്‍ പത്താന് ഇന്ത്യക്കുവേണ്ടി കളിക്കാനായിട്ടില്ല. ഈ വര്‍ഷം തുടക്കത്തിലാണ് ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2006ല്‍ പാകിസ്താനെതിരെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടിയ പത്താന്റെ പ്രകടനം കണ്ടവരാരും മറന്നുകാണില്ല. തൊട്ടടുത്തവര്‍ഷം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ മാന്‍ഓഫ് ദ മാച്ച് പുരസ്‌ക്കാരവും മറ്റാര്‍ക്കുമായിരുന്നില്ല. വെറും 16 റണ്‍ മാത്രം വിട്ടുകൊടുത്താണ് ഇര്‍ഫാന്‍ ഫൈനലില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. അദ്ദേഹം ഏകദിനത്തില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കിയത് ഏറ്റവും വേഗത്തില്‍ ആ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ ബൗളറായിട്ടായിരുന്നു.