കൂളര്‍ ഓണ്‍ ചെയ്യാന്‍ വെന്റിലേറ്റര്‍ ഓഫാക്കി : 40കാരന് ദാരുണാന്ത്യം
എയര്‍ കൂളര്‍ ഓണാക്കുവാന്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 40കാരന്‍ മരിച്ചു. ബന്ധു അബദ്ധത്തില്‍ വെന്റിലേറ്റര്‍ ഓഫ് ആക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ കോട്ട ജില്ലയിലെ മഹാറാവു ഭീം സിങ് ആശുപത്രിയിലാണ് സംഭവം.
ജൂണ്‍ 13നാണ് കോവിഡ് ലക്ഷണങ്ങളോടെ 40കാരനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പരിശോധനാഫലം നെഗറ്റീവായിരുന്നു. ഐസിയുവിലെ മറ്റൊരു രോഗിയുടെ കോവിഡ് ഫലം പോസിറ്റീവായതോടെ ജൂണ്‍ 15ന് 40കാരനെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. ഐസൊലേഷന്‍ വാര്‍ഡില്‍ ചൂട് ആയതിനാല്‍ ബന്ധുക്കളിലൊരാള്‍ എയര്‍ കൂളര്‍ കൊണ്ടുവന്നു.
കൂളര്‍ ഓണ്‍ ചെയ്യാന്‍ സോക്കറ്റ് കാണാത്തതിനാല്‍ സ്വിച്ച് ബോര്‍ഡിലുണ്ടായിരുന്ന പ്ലഗ് ഊരി എയര്‍ കൂളര്‍ ഓണാക്കുകയായിരുന്നു. രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചിരുന്ന വെന്റിലേറ്ററിന്റെ പ്ലഗ് ആണ് ബന്ധു ഊരിമാറ്റിയത്. വൈകാതെ വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചു. രോഗിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെത്തി പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. നവീന്‍ സക്‌സേന മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കൂളര്‍ ഓണ്‍ ചെയ്യാന്‍ ബന്ധു അനുമതി ചോദിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രോഗി മരിച്ചതോടെ ബന്ധുക്കള്‍ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നും അധികൃതര്‍ പറഞ്ഞു.