ലിനിയുടെ ഭര്‍ത്താവിനെ ആദ്യം ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചത് മുല്ലപ്പള്ളി ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ; പോസ്റ്റിനു പിന്നില്‍ പി ആര്‍ ടീമെന്നും ആരോപണം

നിപ്പ രോഗികളെ പരിച്ചരിക്കുന്നതിന്റെ ഇടയില്‍ രോഗബാധിതയായി മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ പേരില്‍ പുതിയ രാഷ്ട്രീയ വിവാദം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വിവാദപ്രസ്താവനയ്ക്കെതിരെ അന്തരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ലിനിയുടെ മരണത്തിനു ശേഷം കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങള്‍ മറന്ന് ആശ്വസിപ്പിക്കാന്‍ എത്തിവരുടെ കൂട്ടത്തില്‍ ഒന്നും ഞാന്‍ ജീവിക്കുന്ന, അന്ന് വടകര പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ: മുല്ലപ്പളളി രാമചന്ദ്രന്‍(Mullappally Ramachandran) സര്‍ ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എം പി എന്ന നിലയില്‍ ഉണ്ടായിട്ടില്ല’ സജീഷ് കുറിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളിയോടുള്ള അമര്‍ഷം സജീഷ് പ്രകടിപ്പിച്ചത്.

അതേസമയം ടീച്ചര്‍ ഒപ്പം ഉണ്ടെന്ന് വെറും വാക്ക് പറയുക ആയിരുന്നില്ല എന്നും ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു. തുടര്‍ന്ന് അവസരം കിട്ടുമ്പോഴെല്ലാം നേരിട്ടും ടെലിഫോണിലും എത്രയോ തവണ എന്നെയും കുടുംബത്തെയും ബന്ധപ്പെട്ടിരിക്കുന്നു ഒടുവില്‍ ഈ കഴിഞ്ഞ മെയ് 21 ലിനിയുടെ ഓര്‍മ്മദിനത്തിലും മറക്കാതെ ടീച്ചര്‍ വിളിച്ചിരുന്നു എന്നും സജീഷ് പോസ്റ്റില്‍ കുറിയ്ക്കുന്നു.

എന്നാല്‍ ഇതിനു എതിരെ തെളിവുകള്‍ നിരത്തി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതേഷ് മുതുകാട്. ‘ലിനിയുടെ കുടുംബത്തിന് ആശ്വാസവുമായി ആദ്യമായി വീട്ടിലെത്തിയത് ടി. സിദ്ദീഖും താനുമടങ്ങിയ കോണ്‍ഗ്രസുകാരാണ്. അന്ന് വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്റെ ഫോണിലേക്കാണ് വിളിച്ചത്. ഞാനാണ് സജീഷിന് ഫോണ്‍ കൊടുത്തത്. രണ്ട് മനിട്ട് നേരത്തോളം അവര്‍ സംസാരിക്കുകയും ചെയ്തു. പ്രിയപ്പെട്ട സജീഷ് എന്റെ മുഖത്തുനോക്കി പറയാന്‍ കഴിയുമോ… അന്നത്തെ mp മുല്ലപ്പള്ളി താങ്കളെ വിളിച്ചിട്ടില്ല എന്ന്. എന്റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ച് ആ ഫോണ്‍ ഞാനാണ് സജീഷിന് കൈമാറിയത്. അന്നത്തെ മാനസികാവസ്ഥയില്‍ സജീഷ് ഓര്‍ക്കാതിരിക്കുകയാണെങ്കില്‍ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതാണ് സത്യം. മറിച്ചാണെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് സുഹ്യത്തേ ഈ കള്ളം പറയുന്നത്.

മരണ ശേഷവും ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭര്‍ത്താവ് തരംതാണ CPM നേതാക്കളുടെ നിലയിലേക്ക് അധപ്പതികരുത്. നിപ സമയത്ത് പേരാമ്പ്രയിലും ചങ്ങരോത്തും വന്ന ആരോഗ്യമന്ത്രി ലിനിയുടെ വീട് സന്ദര്‍ശിക്കാതെയാണ് മടങ്ങിയത്. പേരാമ്പ്രയുടെ സ്വന്തം മന്ത്രി ടി.പി രാമകൃഷ്ണനും തിരിഞ്ഞുനോക്കിയില്ല. ഇക്കാര്യം താന്‍ അന്ന് തന്നെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നുവെന്നും ജിതേഷ് പറയുന്നു. തെളിവിനായി താന്‍ അന്ന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകളുടെ ലിങ്കും ജിതേഷ് ഷെയര്‍ ചെയ്തിട്ടുണ്ട്. കൊറോണ വിഷയത്തില്‍ ഉത്തരം മുട്ടിയ സര്‍ക്കാര്‍ വീഴ്ച്ച ഒളിച്ചു വെക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചവരെ ഉപയോഗിക്കുന്നു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം.