ആമസോണ്‍ ഓണ്‍ലൈന്‍ മദ്യവിതരണരംഗത്തേക്കും ; ആദ്യം ബംഗാളില്‍
പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഓണ്‍ലൈന്‍ മദ്യ വിതരണ രംഗത്തേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള അനുമതി പത്രം Amazon.com Incക്ക് ലഭിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതി പത്രമാണ് ആമസോണിന് ലഭിച്ചത്.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താന്‍ യോഗ്യതയുള്ള കമ്പനികളുടെ കൂട്ടത്തില്‍ ആമസോണുമുണ്ടെന്ന് പശ്ചിമബംഗാള്‍ ബിവറേജസ് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനസംഖ്യയുടെ കാര്യത്തില്‍ രാജ്യത്തെ വലിയ നാലാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഒന്‍പത് കോടിയിലധികം ജനസംഖ്യയാണ് സംസ്ഥാനത്തുള്ളത്. ഓണ്‍ലൈന്‍ വില്‍പനക്കുള്ള കരാറുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവയ്ക്കാന്‍ സംസ്ഥാനം ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആമസോണ്‍ അധികൃതര്‍ തയാറായിട്ടില്ല.
അതുപോലെ ആലിബാബയുടെ ഇന്ത്യന്‍ കമ്പനിയായ ബിഗ് ബാസ്‌ക്കറ്റും സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പന നടത്താന്‍ അനുമതി നേടിയിട്ടുണ്ടെന്നും കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.