രോഗ ഉറവിടമറിയാതെ മരിച്ചത് 8 പേര്‍ ; തിരുവനന്തപുരത്തിനെ ആശങ്കയിലാക്കി ഓട്ടോറിക്ഷ ഡ്രൈവര്‍
സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. അറുപതിലേറെ രോഗികള്‍ക്ക് ആരില്‍ നിന്ന് രോഗം പകര്‍ന്നെന്ന് വ്യക്തമല്ല. ഉറവിട മറിയാതെ രോഗബാധിതരായി സംസ്ഥാനത്ത് എട്ടുപേരാണ് മരിച്ചത്. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ ഇടയില്‍ തന്നെ ഇത് സംബന്ധിച്ച് രണ്ട് അഭിപ്രായമുണ്ട്. ഒരു വിഭാഗം സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്ന് വാദിക്കുമ്പോള്‍ മറ്റൊരു വിഭാഗം സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടന്നു കഴിഞ്ഞുവെന്ന് പറയുന്നു. മുഖ്യമന്ത്രി ഇത് സബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എട്ട് പേരാണ് രോഗ ഉറവിടം അറിയാതെ രോഗബാധയേറ്റ് മരിച്ചത്. ഇതാണ് സംസ്ഥാനത്ത് വൈറസ് ബാധ സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന് സംശയിക്കാന്‍ കാരണം.
കാസര്‍ഗോഡ് ചക്ക വീണ് പരുക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കൊവിഡുണ്ടെന്ന് അറിയുന്നത്. തിരുവനന്തപുരത്ത് മദ്യം കഴിച്ച് കുഴഞ്ഞ് വീണ് ആശുപത്രിയിലെത്തിയപ്പോഴാണ് രോഗബാധയുണ്ടെന്ന് അറിയുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ രോഗഉറവിടം കണ്ടെത്താത്ത നിരവധി പേര്‍ ചികിത്സയിലുണ്ട്. അതേസമയം തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ ആശങ്ക. ഇയാള്‍ സീരിയല്‍ ലൊക്കേഷനുകളിലെത്തിയിരുന്നു. മറ്റു ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 12ന് തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്ന ഇദ്ദേഹം പിന്നീടും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും എത്തിയിരുന്നു. 17ന് ഭാര്യയ്ക്കും മകള്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് സ്രവ പരിശോധന നടത്തുന്നത്. ഇന്നലെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ഓട്ടോ ഡ്രൈവര്‍ക്ക് സീരിയില്‍ സെറ്റില്‍ പോയിട്ടുണ്ട്. നഗരത്തിലെ ധാരാളം പേരുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ സമ്പര്‍ക്കപട്ടിക്ക തയാറാക്കല്‍ വെല്ലുവിളിയാണെന്ന് അധികൃതര്‍ പറയുന്നു. കാലടി ആറ്റുകാല്‍ മണക്കാട്, ചിറമുക്ക് കാലടി റോഡ്, ഐരാണി മുട്ടം എന്നിവിടങ്ങലാണ് നിലവില്‍ കണ്ടയിന്‍മെന്റ് സോണുകള്‍. നഗരം മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കില്ലെങ്കിലും സമരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരും.