ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരടാ തടയാന്‍ ; മലയാള സിനിമയില്‍ പുതിയ വിവാദത്തിനു തിരികൊളുത്തി
കൊറോണ ഒരു വശത്ത് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്ന അതേസമയത്ത് തന്നെ പുതിയ ഒരു വിവാദത്തിനു തിരികൊളുത്തിയ നിലയിലാണ് മലയാള സിനിമാ ലോകം. പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് പാടില്ലെന്ന നിര്‍മാതാക്കളുടെ നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലചിത്ര സംഘടനകള്‍ക്കെതിരെ സംവിധായകന് ലിജോ ജോസ് പെല്ലിശേരി പരസ്യമായി രംഗത്ത് വന്നു.
ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാനെന്ന് ലിജോ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. സംവിധായകന് ആഷിഖ് അബു, ലിജോ ജോസിന്റെ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിര്‍ദേശം മറികടന്ന് ഇന്ന് രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളാണ് നടന്നത്. ആഷിഖ് അബുവും ആഷിഖ് ഉസ്മാനുമാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്.
ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. റിമ കല്ലിങ്കല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹര്‍ഷദ് ആണ് സംവിധാനം ചെയ്യുക. ആഷിഖ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം ജൂലൈ 5ന് കൊച്ചിയില്‍ ആരംഭിക്കും. പോസ്റ്റില്‍ പ്രൊഡ്യുസേഴ്സ് അസോസിയേഷനെ പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് ആഷിഖ്.
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അവകാശം നിര്‍മ്മാണ കമ്പനിക്ക് മാത്രം നിക്ഷിപ്തമാണ്, അത് വേറെ ആരെയും ഏല്പിച്ചിട്ടില്ല എന്നതാണ് പോസ്റ്റിലെ പരാമര്‍ശം. കഴിഞ്ഞ ദിവസത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടിനെതിരെയുള്ള മറുപടിയാണ് ഇത്. നേരത്തെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ അസോസിയേഷന് രംഗത്ത് വന്നിരുന്നു. നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാല്‍ സഹകരിക്കില്ലെന്നും തിയേറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിര്‍മാതാക്കള്‍ നല്‍കിയിരുന്നു.
മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കാതെ പുതിയ സിനിമകള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്കും നിര്‍മ്മാതാക്കള്‍ കത്തയക്കുകയും ചെയ്തു. 60ഓളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ പുതിയ സിനിമ തുടങ്ങേണ്ടെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനം. നേരത്തെ മഹേഷ് നാരായണന് ഫഹദ് ഫാസിലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.