പ്രളയ ഫണ്ട് തട്ടിപ്പ് കേസ് ; ഒളിവിലായിരുന്ന സിപിഎം നേതാവ് കീഴടങ്ങി

പ്രളയ ഫണ്ട് തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കീഴടങ്ങി. സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എം.എം അന്‍വറാണ് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. മൂന്ന് മാസത്തിലേറെ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇയാള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. അന്‍വറിന്റെ ജാമ്യ ഹര്‍ജി രണ്ടു തവണ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്‍വര്‍ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.

സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിന്റെ അക്കൗണ്ട് വഴിയാണ് പ്രതി പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ അന്‍വറിന്റെ ഭാര്യ കൗലത്താണ് പണം പിന്‍വലിക്കാന്‍ സഹായിച്ചത്. കലക്ടറേറ്റ് ജീവനക്കാരനും മുഖ്യ ആസൂത്രകനുമായ വിഷണു പ്രസാദ് 5 ലക്ഷം രൂപയാണ് ആദ്യം അന്‍വറിന്റെ അക്കൗണ്ടില്‍ അയച്ചത്. വീണ്ടും ദുരിതാശ്വാസ നിധിയില്‍ നിന്ന് അക്കൗണ്ടിലേക്കു പണം വന്നതോടെ ബാങ്ക് മനേജര്‍ക്ക് സംശയമായി .

അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരം രൂപകൂടി അക്കൗണ്ടില്‍ വന്നിരുന്നെങ്കിലും ഈ പണം പിന്‍വലിക്കാന്‍ മാനേജര്‍ അനുവദിച്ചില്ല.തുടര്‍ന്ന് ബാങ്ക് ഭരണ സമിതി, വിവരങ്ങള്‍ ജില്ലാ കളക്ടറേ അറിയിക്കുകയും കളക്ടര്‍ പൊലീസിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്. 73 ലക്ഷം രൂപ കാണാതായ രണ്ടാമത്തെ കേസിലും അന്‍വറിന്റെ പങ്ക് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കേസില്‍ പ്രതിയായ അന്‍വറിന്റെ ഭാര്യ കൗലത്ത് അന്‍വറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.